Latest News

വിപണിയില്‍ മാന്ദ്യം; മാരുതി ബലേനോക്ക് ഒരു ലക്ഷം രൂപ വില കുറച്ചു

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യം നേരിടുന്നതിനുള്ള നടപടിയുടെ ഭാഗമായി വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ കാറായ ബലേനോ ആര്‍എസ് മോഡലിന്റെ വിലയില്‍ വന്‍ ഇടിവ് പ്രഖ്യാപിച്ചു. കാറിന് ഒരു ലക്ഷം രൂപയുടെ കിഴിവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.[www.malabarflash.com]

നേരത്തെ മാരുതി സുസുക്കി തിരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് 5,000 രൂപ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബലേനോക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബലേനോ ആര്‍എസ് കമ്പനി നിര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലുള്ള സ്‌റ്റോക്കുകള്‍ വിറ്റഴിക്കാനാണ് വിലക്കുറവ് പ്രഖ്യാപിച്ചതെന്ന് എക്‌സ്പ്രസ് ഡ്രൈവ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി എന്‍ട്രി ലെവല്‍ കാറുകളുടെയും ഡീസല്‍ വേരിയന്റുകളുടെയും വില 5,000 രൂപ കുറച്ചിരുന്നു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ 10, സ്വിഫ്റ്റ് ഡീസല്‍, സെലെറിയോ, ബലേനോ ഡീസല്‍, ഇഗ്‌നിസ്, ഡിസയര്‍ ഡിസൈന്‍, ടൂര്‍ എസ് ഡീസല്‍, വിറ്റാര ബ്രെസ്സ, എസ്‌ക്രോസ് തുടങ്ങിയ കാറുകള്‍ക്കായിരുന്നു ഈ ഇളവ്.

നവരാത്രി, ദീപാവലി ഉത്സവ സീസണിന് മുന്നോടിയായി, കാറുകള്‍ക്ക് വില കുറച്ചത് ഉപഭോക്താക്കളെ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ഡിമാന്‍ഡ് കുറയുന്ന വാഹന വിപണിയെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

എല്ലാ ആഭ്യന്തര കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതി നിരക്ക് 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരുന്നു. ഇതിന്റെ ഗുണം മാരുതി ഉപയോക്താക്കള്‍ക്ക് കൈമാറുന്നതാണ് വിലക്കുറവില്‍ നിന്ന് വ്യക്തമാകുന്നത്. വിലക്കുറവിന് പുറമെ വിവിധ മോഡലുകളില്‍ 40,000 മുതല്‍ 1 ലക്ഷം വരെ വ്യത്യാസമുള്ള വിവിധ പ്രമോഷണല്‍ ഓഫറുകളും മാരുതി പ്രഖ്യാപിച്ചിട്ടുണ്ട്.

2017 ല്‍ ഇന്ത്യയില്‍ ആരംഭിച്ച ബലേനോ ആര്‍എസിന് 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റിന് 101 എച്ച്പി പവര്‍, 150 എന്‍എം പീക്ക് ടോര്‍ക്ക് എന്നിവയുണ്ട്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഈ മോഡലില്‍ ഉള്ളത്. സ്റ്റാന്‍ഡേര്‍ഡ് കാറിനേക്കാള്‍ 1.30 ലക്ഷം രൂപ അധിക വരുന്ന ഈ മോഡലിന് ഡിമാന്‍ഡ് കുറവായതാണ് മോഡല്‍ നിര്‍ത്തലാക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ പട്ടികയില്‍ ബലേനോ ആര്‍എസ് ഉള്‍പ്പെട്ടിട്ടില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.