Latest News

തളങ്കര തീരദേശ പോലീസ് സ്റ്റേഷന്റെ ബോട്ടും മാസങ്ങളായി കട്ടപ്പുറത്ത്; സഹായം ആവശ്യപ്പെട്ടെത്തിയവര്‍ സ്റ്റേഷനില്‍ ബഹളം വെച്ചു

കാസര്‍കോട്: മത്സ്യബന്ധനത്തിന് പോയി തിരിച്ചുവരുന്നതിനിടെ തോണി മറിഞ്ഞ് കടലില്‍ കാണാതായ കീഴൂര്‍ കടപ്പുറത്തെ ദാസനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തുന്നതിന് കോസ്റ്റല്‍ പോലീസിന്റെ ബോട്ടും ഉപകാരപ്പെട്ടില്ല.[www.malabarflash.com] 

തളങ്കര തീരദേശ പോലീസ് സ്റ്റേഷനില്‍ രക്ഷാ പ്രവര്‍ത്തനത്തിനുപയോഗിക്കുന്ന ബോട്ടും മാസങ്ങളായി കട്ടപ്പുറത്താണ്. വെള്ളിയാഴ്ച ഉച്ചയോടെ തളങ്കരയിലെ തീരദേശപോലീസ് സ്റ്റേഷനിലെത്തിയ ചിലര്‍ തിരച്ചിലിന് ബോട്ട് വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ പോലീസിന് കൈമലര്‍ത്തേണ്ടിവന്നു.

ബോട്ട് മാസങ്ങളായി തകരാറിലായി കിടക്കുന്നതിനാല്‍ വിട്ടുതരാനാകില്ലെന്ന് പോലീസ് പറഞ്ഞു. ഇതോടെ സ്റ്റേഷനിലെത്തിയവര്‍ ബഹളം വെക്കുകയും അധികൃതരുടെ അനാസ്ഥയില്‍ തങ്ങള്‍ക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയും ചെയ്തു.

ബോട്ട് അറ്റകുറ്റപ്പണി നടത്തി ഉടന്‍ നന്നാക്കാനുള്ള നടപടി സ്വീകരിക്കാമെന്നും തിരച്ചിലിന് മറ്റിടങ്ങളില്‍ നിന്ന് ബോട്ടുകള്‍ എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ടെന്നും ബോധ്യപ്പെടുത്തിയതോടെ പ്രതിഷേധക്കാര്‍ സ്റ്റേഷനില്‍ നിന്ന് തിരിച്ചുപോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനുപയോഗിക്കേണ്ട ഫിഷറീസ് വകുപ്പിന്റെ റെസ്‌ക്യൂബോട്ടും ഏറെക്കാലമായി തകരാറിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.