Latest News

ഓണ്‍ ലൈന്‍ ടാക്‌സിയുടെ മറവില്‍ മയക്ക് മരുന്ന് കടത്ത്; മാഡ് മാക്‌സ് സംഘം എക്‌സൈസിന്റെ പിടിയില്‍

കൊച്ചി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതി യുവാക്കള്‍ക്ക് മയക്ക് മരുന്നുകള്‍ എത്തിച്ച് വില്‍പന നടത്തുന്ന മൂന്നഗ സംഘം അതിമാരക മയക്കു മരുന്നുകളുമായി ആലുവ റേഞ്ച് എക്‌സൈസിന്റെ പിടിയിലായി.[www.malabarflash.com]

ഇടുക്കി വെള്ളത്തൂവല്‍, തൊട്ടാപ്പുര സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ മാഹിന്‍ പരീത് (23), തിരുവനന്തപുരം, നെടുമങ്ങാട്, കല്ലറ സ്വദേശി ഷാന്‍ മന്‍സില്‍, ഷാന്‍ ഹാഷിം (24), കൊല്ലം പുനലൂര്‍ സ്വദേശിയായ ചാരുവിള പുത്തന്‍ വീട്ടില്‍ നവാസ് ഷരീഫ് (20)എന്നിവരെയാണ് ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘം കസ്റ്റഡിയിലെടുത്തത്. 

ഇവര്‍ മയക്ക് മരുന്ന് കടത്തുവാന്‍ ഉപയോഗിച്ച ആഡംബര കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പക്കല്‍ നിന്ന് 88 എണ്ണം നൈട്രോസെപാം മയക്ക് മരുന്ന് ഗുളികകള്‍ കണ്ടെടുത്തു. മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്‍കുന്നവയാണ് ഇവ. 

ആലുവയിലെ ഒരു പ്രമുഖ കോളജിലെ വിദ്യാര്‍ഥി സംഘങ്ങള്‍ക്ക് മാഡ് മാക്‌സ് സംഘം മയക്ക് മരുന്ന് കൈമാറുമാന്‍ വരുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ അമ്പാട്ട്കാവിന് സമീപം വച്ച് ആലുവ റേഞ്ച് എക്‌സൈസ് ഷാഡോ സംഘം ഇവരുടെ വാഹനം തടയുകയായിരുന്നു. പിടിക്കപ്പെടുമെന്ന് മനസ്സിലായ മൂവരും വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷാഡോ സംഘത്തിന്റെ സംയോജിതമായ ഇടപെടലിലൂടെ ഇവരെ പിടികൂടുകയായിരുന്നു.
ഉപഭോക്താക്കള്‍ക്കിടയില്‍ 'മാഡ് മാക്‌സ് 'എന്ന ഓമനപ്പേരിലാണ് മൂവര്‍ സംഘം അറിയപ്പെട്ടിരുന്നത്. ഏറെ നാളുകളായി മയക്ക് മരുന്ന് വില്‍പന നടത്തി വരുന്ന ഇവര്‍ ഒരുമിച്ച് പിടിയിലാവുന്നത് ഇത് ആദ്യമാണ്. 

എക്‌സൈസ് വകുപ്പ് ആരംഭിച്ച ഓപറേഷന്‍ വിശുദ്ധിയുടെ ഭാഗമായി, എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എ എസ് രഞ്ജിത്തിന്റെ മേല്‍ നോട്ടത്തില്‍ ആലുവ എക്‌സൈസ് റേഞ്ചില്‍ 'ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഷാഡോ ടീം' എന്ന പേരില്‍ ഒരു പ്രത്യേക സംഘത്തെ രൂപപ്പെടുത്തിയിരുന്നു. 

ഈ സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനത്തിന്റെ ഫലമായാണ് മാഡ് മാക്‌സ് സംഘം വലയിലായത്. ഉപഭോക്താക്കളുടെ മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇവര്‍ മയക്ക് മരുന്നുകള്‍ എത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി അധികൃതര്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ടാക്‌സി ഓടുന്നു എന്ന വ്യാജേന മൂവര്‍ സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മയക്ക് മരുന്നുകള്‍ വില്‍പന നടത്തിവരികയായിരുന്നു. 'മാഡ് മാക്‌സ് ' സംഘത്തിലെ പ്രധാനികളെക്കുറിച്ചുള്ള സൂചന എക്‌സൈസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. സേലം, പുതുച്ചേരി എന്നിവിടങ്ങളിലുള്ള മയക്ക് മരുന്ന് മാഫിയയുമായി ബന്ധമുള്ള ഇവര്‍ അവിടെ നിന്ന് വന്‍തോതില്‍ മയക്ക് മരുന്നുകള്‍ വാങ്ങി ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിന് ഇവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ ഉള്ളതായും പറയുന്നു. 

സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇവരുടെ ഇരകള്‍.. ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ടി കെ ഗോപിയുടെ നേതൃത്വത്തില്‍ ഷാഡോ ടീമംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സിയാദ്, ടി അഭിലാഷ്, എക്‌സൈസ് ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.