Latest News

ലൈവിനിടെ വനിതാ റിപ്പോര്‍ട്ടര്‍ക്ക് ചുംബനം;യുവാവിനെതിരെ കേസ്‌

കെന്റക്കി: വേവ് 3 ന്യൂസിന് (WAVE 3News)വേണ്ടി കെന്റക്കി മ്യൂസിക് ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ സാറ റിവെസ്റ്റ് നേരിട്ടത് അപ്രതീക്ഷിത സംഗതിയായിരുന്നു. റിപ്പോര്‍ട്ടിങ്ങിനിടെ പെട്ടെന്ന് ഫ്രെയിമില്‍ കടന്നു വന്ന യുവാവ് സാറയുടെ വലതു കവിളില്‍ ചുംബിച്ച ശേഷം അപ്രത്യക്ഷനായി.[www.malabarflash.com]

അപ്രതീക്ഷിതമായതിനാലും റിപ്പോര്‍ട്ടിങ് ലൈവായതിനാലും സാറ പെട്ടെന്ന് സംഗതി അവഗണിക്കാനൊരു ശ്രമം നടത്തി. എന്നാല്‍ പരസ്യമായുള്ള അപമാനം കാരണം റിപ്പോര്‍ട്ടിങ് തുടരാന്‍ സാറയ്ക്ക് സാധിച്ചില്ല.

അപരിചിതനായ വ്യക്തിയെ തിരിച്ചറിയാനാവുമോയെന്ന് ഉറപ്പില്ലായിരുന്നെങ്കിലും സാറ പോലീസില്‍ പരാതി നല്‍കി. നാല്‍പ്പത്തിരണ്ടുകാരനായ എറിക് ഗുഡ്മാനാണ് സാറയോട് മോശമായി പെരുമാറിയതെന്ന് തിരിച്ചറിഞ്ഞ പോലീസ് ബുധനാഴ്ച ഇയാള്‍ക്കെതിരെ കേസെടുത്തു. സെപ്റ്റംബര്‍ 20 നാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം സാറ സംഭവത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചു.

'ഹേയ് മിസ്റ്റര്‍, ഇതാ നിങ്ങളുടെ പ്രശസ്തിയുടെ മൂന്ന് നിമിഷങ്ങള്‍, നിങ്ങളെന്നെ സ്പര്‍ശിക്കാതിരുന്നെങ്കിലോ? നന്ദി...'ഈ അടിക്കുറിപ്പോടെയാണ് സാറ വീഡിയോരംഗം ഷെയര്‍ ചെയ്തത്.

ഏറെ ആവേശത്തോടെ സാറ റിപ്പോര്‍ട്ടിങ് തുടരുന്നതും ആദ്യമൊരു യുവാവ് അവരുടെ പിന്നിലെത്തി ക്യാമറ നോക്കി ചില ആംഗ്യങ്ങള്‍ കാണിക്കുന്നതും കാണാം. പിന്നീടാണ് വശത്ത് നിന്ന് എറിക് പ്രത്യക്ഷപ്പെടുന്നതും സാറയുടെ കവിളില്‍ ചുംബനം നല്‍കി പോകുന്നതും. സാറ റിപ്പോര്‍ട്ടിങ് തുടരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തുടരാനാവുന്നില്ല. 'അനുചിതമായ പ്രവൃത്തി' എന്ന കമന്റാണ് സാറ അവസാനം പറയുന്നത്. അതോടെ സംഗീതോത്സവത്തിന്റെ രംഗങ്ങളിലേക്കാണ് ക്യാമറ പോകുന്നത്.

എറിക് ഗുഡ്മാന്‍ മൂന്ന് മാസം ജയില്‍ ശിക്ഷയോ 250 ഡോളര്‍ പിഴയോ നല്‍കേണ്ടി വരും. നവംബറില്‍ എറിക് ജയിലിലേക്ക് പോകാന്‍ സാധ്യതയുള്ളതായി വേവ് 3 റിപ്പോര്‍ട്ട് ചെയ്തു. ജോലി തടസ്സപ്പെടുത്തിയതിനും സാറയെ ശല്യപ്പെടുത്തിയതിനും മാപ്പപേക്ഷിച്ച് എറിക് സാറയ്ക്ക് കത്തയയ്ക്കുകയും ചെയ്തു. ഇനി അയാളില്‍ നിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാവില്ലെന്ന് കരുതുന്നതായി സാറ പ്രതികരിച്ചു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പല തരത്തിലും അപമാനം നേരിടേണ്ടി വരുന്ന സന്ദര്‍ഭങ്ങള്‍ വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2018 ലെ ലോകകപ്പിനിടെ മുപ്പതോളം വനിതാ മാധ്യമ പ്രവര്‍ത്തകര്‍ അപമാനിക്കപ്പെട്ടിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.