Latest News

പ്രളയപുനര്‍നിര്‍മാണം പരിസ്ഥിതി സൗഹൃദമാക്കണം: മുഖ്യമന്ത്രി

കണ്ണൂര്‍: പ്രളയപുനര്‍നിര്‍മാണം പരിസ്ഥിതി സൗഹൃദമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂര്‍ കുഞ്ഞുമോലോം ക്ഷേത്ര പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com]

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണം. ഓരോരുത്തര്‍ക്കും തോന്നിയ പോലെ മണ്ണില്‍ ഇടപെടുന്ന സ്ഥിതിക്ക് മാറ്റം വരണം. 

നിര്‍മാണങ്ങള്‍ക്കായി കല്ലും മണലും തന്നെ വേണമെന്ന വാശി ഉപേക്ഷിക്കണം. ക്വാറികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നത് ഇതുകൊണ്ടാണ്. ഫാക്ടറി നിര്‍മിത കെട്ടിടഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ത്ത് ദിവസങ്ങള്‍ക്കകം ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മിക്കുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. കല്ലുകളില്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്കു മാത്രമേ ഉറപ്പുണ്ടാവൂ എന്ന ചിന്ത മാറണം. 

ഇനിയുമൊരു പ്രകൃതിക്ഷോഭം ഉണ്ടാവുകയാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ പാകത്തിലുള്ള നിര്‍മാണ രീതികളാണ് അവലംബിക്കേണ്ടത്. ഇതിനായി ദേശീയ-അന്തര്‍ ദേശീയ തലത്തിലുള്ളവരുടെ അനുഭവങ്ങളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോന്നുന്നിടത്തെല്ലാം വീടുകള്‍ നിര്‍മിക്കുന്ന രീതി അവസാനിപ്പിക്കണം. ഉരുള്‍പൊട്ടലുണ്ടാവാനിടയുള്ളതും സ്ഥിരമായി വെള്ളം കയറുന്നതുമായ സ്ഥലങ്ങളില്‍ നിര്‍മാണങ്ങള്‍ ഒഴിവാക്കണം. അത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ബദല്‍ സംവിധാനങ്ങള്‍ കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തോടുകളും കുളങ്ങളും മറ്റും നികത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാന്‍ കാരണമായത്. ഭാവിയില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് നേരത്തേ വലിയ തോടുകള്‍ ഉണ്ടായിരുന്നിടത്ത് അവ പുനര്‍നിര്‍മിക്കണം. 

പ്രളയം കൃഷിഭൂമിക്കുണ്ടാക്കിയ നാശനഷ്ടം വളരെ വലുതാണ്. ലക്ഷക്കണക്കിന് ഹെക്ടര്‍ ഭൂമിയിലെ കൃഷികളാണ് പ്രളയത്തില്‍ നശിച്ചത്. ഭൂമിയിലെ മേല്‍മണ്ണ് ഒഴുകിപ്പോയത് കാരണം അവ കൃഷിയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് മണ്ണിനെ കുറിച്ച ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള കൃഷി മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

വിവിധ കാര്‍ഷിക ആനൂകൂല്യങ്ങളുടെ വിതരണവും നവീകരിച്ച കുഞ്ഞിമോലോം ക്ഷേത്രക്കുളം സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.