Latest News

വിജയം നിങ്ങളുടേതാണ്; പ്രകാശനം നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍

ഷാര്‍ജ: പ്രമുഖ എഴുത്തുകാരി ദുര്‍ഗ മനോജ് രചിച്ച പ്രചോദനാത്മക ഗ്രന്ഥം, വിജയം നിങ്ങളുടേതാണ് നവംബര്‍ രണ്ടിന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിപ്പിക്കും.[www.malabarflash.com] 

മലയാളി റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ മാതൃഭൂമി മിഡില്‍ ഈസ്റ്റ് ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രന്‍, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ. നാസര്‍ എന്നിവര്‍ക്കു പുറമേ സാഹിത്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോട്ടയം മാക്‌സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

വിദ്യാഭ്യാസ, സാമ്പത്തിക, ജീവിത വിജയത്തിന് അത്യന്താപേക്ഷിതമായ വിവരങ്ങള്‍ പ്രദാനം ചെയ്യുന്ന വിവരങ്ങളടങ്ങിയ പുസ്തകത്തിന് 299 രൂപയാണ് വില. വിജയത്തിന്റെ കൈപ്പുസ്തകമെന്നു പ്രസാധകര്‍ വിശേഷിപ്പിക്കുന്ന ഈ മോട്ടിവേഷണല്‍ പുസ്തകത്തില്‍ അമ്പതോളം അധ്യായങ്ങളാണ് അണിനിരത്തിയിട്ടുള്ളത്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജയത്തിന്റെ തൊട്ടറിവുകള്‍ ഇവിടെ നിന്നും കണ്ടെടുക്കാവുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായി ഒരു എഴുത്തുകാരി രചിച്ച പ്രചോദനാത്മക ഗ്രന്ഥം എന്ന പ്രത്യേകതയും ഈ പുസ്തകത്തിനുണ്ട്. എല്ലാ വീട്ടിലും സൂക്ഷിച്ചു വെക്കാവുന്ന വിധത്തില്‍ കുടുംബാംഗങ്ങള്‍ക്ക് എന്നെന്നും ഉപകാരപ്രദമായ രൂപത്തിലുള്ള ഈ പുസ്തകം ലളിതവും മനോഹരവുമായ വിധത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളീയ സാഹര്യങ്ങളെ പരിശോധിച്ചു കൊണ്ടു അവയ്‌ക്കൊരു പ്രതിവിധി എന്ന രൂപത്തിലാണ് ഇത്തരമൊരു പുസ്തകമെഴുതിയെന്ന് കേരളസംസ്ഥാന ശിശുക്ഷേമ സമിതിയംഗം കൂടിയായ ഗ്രന്ഥകര്‍ത്രി ദുര്‍ഗ മനോജ് പറഞ്ഞു. 

വിജയത്തെക്കുറിച്ച് അറിയാമെങ്കിലും വിജയിക്കാന്‍ എന്തു ചെയ്യണമെന്ന അജ്ഞതയ്‌ക്കൊരു പരിഹാരനിര്‍ദ്ദേശമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.  ഇത് ജീവിതത്തില്‍ ഒരു വഴികാട്ടിയായി തന്നെ നിലകൊള്ളുമെന്നും ദുര്‍ഗ മനോജ് അറിയിച്ചു.

റൈറ്റേഴ്‌സ് ഫോറം ഹാള്‍ നമ്പര്‍ 7-ല്‍ നവംബര്‍ രണ്ട് ശനിയാഴ്ച രാവിലെ 11 മുതലാണ് പരിപാടി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.