Latest News

ദമ്പതികൾ ചമഞ്ഞ് 18 പവന്‍ ആഭരണങ്ങൾ കവർന്ന സ്ത്രീയും പുരുഷനും പിടിയിൽ

ചെര്‍പ്പുളശ്ശേരി: നെല്ലായയിലെ അയിനിക്കത്തൊടി അബ്ദുല്‍ഖാദറിന്റെ വീട്ടില്‍നിന്ന് 18 പവന്‍ ആഭരണം മോഷ്ടിച്ച കേസിലെ പ്രതികളെ ചെര്‍പ്പുളശ്ശേരി പോലിസ് പിടികൂടി.[www.malabarflash.com]

ഇവരുടെ വാടകക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുകയായിരുന്ന ആലത്തൂര്‍ പുളിങ്കുട്ടുചല്ലിത്തറ സ്വദേശി ദേവദാസ് (47), കണ്ണമ്പ്ര ഭഗവതിപ്പറമ്പ് സ്വദേശി സന്ധ്യ എന്നു വിളിക്കുന്ന ഷീല (39) എന്നിവരാണ് പിടിയിലായത്. 

ഇവര്‍ ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് താമസിച്ചിരുന്നത്. എന്നാല്‍, അന്വേഷണത്തില്‍ ഭാര്യയും ഭര്‍ത്താവുമല്ലെന്ന് പോലിസിന് മനസ്സിലായി. പാലക്കാട് സ്വദേശികളെന്ന പേരിലാണ് ക്വാര്‍ട്ടേഴ്‌സ് വാടകയ്‌ക്കെടുത്തിരുന്നത്. പാലക്കാട് വടക്കാഞ്ചേരിയില്‍നിന്നാണ് പ്രതികളെ പോലിസ് പിടികൂടിയത്.
മുഴുവന്‍ സ്വര്‍ണവും പ്രതികളില്‍നിന്ന് പോലിസ് കണ്ടെടുത്തു. 15 പവന്‍ വടക്കാഞ്ചേരിയിലെ ജ്വല്ലറിയില്‍നിന്ന് ഉരുക്കിയ നിലയിലായിരുന്നു. 

കഴിഞ്ഞ ഞായറാഴ്ച വീട്ടുകാര്‍ കല്യാണത്തിനുപോയ അവസരത്തിലാണ് മോഷണം നടന്നത്. വൃദ്ധയായ ഉമ്മ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. പരിചയഭാവേന വൃദ്ധയായ ഉമ്മയോട് അലമാരയുടെ താക്കോല്‍ വാങ്ങിത്തുറന്ന് ആഭരണങ്ങളെടുത്ത് സ്ഥലം വീടുകയായിരുന്നു. 

അബൂബക്കറും കുടുംബവും തിങ്കളാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലിസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.