Latest News

എസ്.ഡി.പി.ഐയും സി.പി.എമ്മും കൈകോര്‍ത്തു: അഴിയൂരില്‍ ഇടതുമുന്നണിയുടെ അവിശ്വാസം പാസായി

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണത്തിനെതിരെ ഇടതുമുന്നണിയുടെ ഒന്‍പത് അംഗങ്ങള്‍ ഒപ്പിട്ട് നല്‍കിയ അവിശ്വാസം പാസായി.[www.malabarflash.com]

വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് ഹാളില്‍ നടന്ന ചര്‍ച്ചയിലും വോട്ടെടുപ്പിലും ഏക എസ്.ഡി.പി.ഐ അംഗം ഇടത് മുന്നണിയെ അനുകൂലിച്ചതാണ് പ്രമേയം പാസാകാന്‍ കാരണം. 

പതിനെട്ടംഗ ഭരണ സമിതിയില്‍ എല്‍.ഡി.എഫിന് ഒന്‍പതും, യു.ഡി.എഫ് ആറ്, ആര്‍.എം.പി.ഐ രണ്ട് എസ്.ഡി.പി.ഐ ഒന്ന് എന്ന നിലയിലാണ്. മൂന്ന് അംഗങ്ങളുള്ള ലോക് താന്ത്രിക് ജനതാദള്‍ യു.ഡി.എഫ് വിട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയൂബിനെതിരെ അവിശ്വാസത്തിന് കളമൊരുങ്ങിയത്. 

പി.പി ശ്രീധരന്‍ (സി.പി.എം),വി.പി വിജയന്‍, റീന രയരോത്ത് (എല്‍.ജെ.ഡി), സഹീര്‍ പുനത്തില്‍ (എസ്.ഡി.പി.ഐ) എന്നിവരാണ് പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചത്.

മൂന്ന് മണിക്കൂര്‍ പ്രമേയ ചര്‍ച്ചക്ക് അനുവദിച്ചിരുന്നെങ്കിലും അര മണിക്കൂര്‍ കൊണ്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വോട്ടെടുപ്പ് നടത്തി. എസ്.ഡി.പി.ഐ അടക്കം പത്ത് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ പ്രമേയം പാസായതായി നടപടികള്‍ നിയന്ത്രിച്ച വടകര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. രജിത പ്രഖ്യാപിച്ചു. പ്രമേയ ചര്‍ച്ചയില്‍ യു.ഡി.എഫും ആര്‍.എം.പിയും വിട്ടു നിന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പ്രമേയ ചര്‍ച്ച നടത്താന്‍ 10 അംഗങ്ങള്‍ അനിവാര്യമായിരുന്നു.

എസ്.ഡി.പി.ഐ ഇടത് മുന്നണിക്കനുകൂലമായി വോട്ട് രേഖപ്പെടുത്തിയതിലൂടെ സി.പി.എം , എസ്.ഡി.പി.ഐ രഹസ്യ ബന്ധം മറനീക്കി പുറത്ത് വന്നിരിക്കുകയാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. 

എന്നാല്‍ അഴിയൂര്‍ പഞ്ചായത്തിലെ ദുര്‍ഭരണത്തിനെതിരെ ഒന്‍പത് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയതാണെന്നും ഇതിനെ ആര്‍ക്കും അനുകൂലിക്കാമെന്നും, ഇടതു മുന്നണിക്ക് എസ്.ഡി.പി.ഐ യുമായി യാതൊരു ബന്ധവുമില്ലെന്നും ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചു.

അഴിയൂരില്‍ ഇടതുമുന്നണിയുടെ അവിശ്വാസ പ്രമേയം വിജയിക്കാന്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച നടപടിയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയണമെന്ന് കെ. മുരളീധരന്‍ എം.പി പറഞ്ഞു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.