Latest News

മൂകാംബികയ്ക്ക് മലയാളചാരുത പകർന്ന് അഭിലാഷ്, ക്ഷേത്രം ട്രസ്റ്റി ആകുന്ന ആദ്യ മലയാളി

കൊല്ലൂർ: കുടജാദ്രിയുടെ താഴ്‌വാരത്തിലുള്ള കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തിയാൽ അടിമുടി ഒരു 'മലയാളി ടച്ച് ' കാണാം. ക്ഷേത്രം ട്രസ്റ്റിയായി സേവനം അനുഷ്ഠിക്കുന്ന മുപ്പത്തിയെട്ടുകാരനായ കൊട്ടാരക്കര മേൽക്കുളങ്ങര സ്വദേശി പി.വി. അഭിലാഷാണ് ദേവീ കടാക്ഷം ആവോളമുള്ള ആ മലയാളി സാന്നിദ്ധ്യം.[www.malabarflash.com] 

ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങളിലടക്കം അഭിലാഷിന്റെ കൈയൊപ്പുണ്ട്. മൂകാംബിക ദേവീക്ഷേത്രം ട്രസ്റ്റി ആകുന്ന ആദ്യ മലയാളി, ഏറ്റവും പ്രായം കുറഞ്ഞ അംഗം എന്നീ നേട്ടങ്ങളും അഭിലാഷിന് മാത്രം സ്വന്തം. എല്ലാം ജഗദംബികയുടെ പുണ്യവും വരദാനവുമെന്നാണ് ഈ സൗഭാഗ്യത്തെക്കുറിച്ച് അഭിലാഷ് പറയുക.

മംഗലാപുരം എ.ജെ ആശുപത്രിയിൽ ഫിസിയോ തെറാപ്പി പഠിക്കാൻ 1998ൽ വണ്ടികയറിയ അഭിലാഷ് ദേവീദാസനായി മാറിയതും അമ്മയുടെ നിശ്ചയമാകാം. പഠിക്കുന്ന സമയത്ത് അഭിലാഷ് ഒരുദിവസം ക്ഷേത്രദർശനത്തിന് പോയി. അത് പതിവായി. ഒഴിവു വേളകളിലെല്ലാം വാഗ്‌ദേവതയുടെ സന്നിധിയിൽ എത്തിയ അഭിലാഷ് കടുത്ത ദേവീഭക്തനായി. 

ഫിസിയോതെറാപ്പിയിൽ പി.ജിയെടുത്ത ശേഷം എ.ജെ ആശുപത്രിയിൽ അസോസിയേറ്റ് പ്രൊഫസറായി. ആത്മാർത്ഥമായി സേവനം അനുഷ്ഠിച്ച അഭിലാഷ് മാനേജ്മെന്റിന്റെ വിശ്വസ്തനായി.

ആശുപത്രി മനേജ്‌മെന്റിന് കേന്ദ്ര ,സംസ്ഥാന സർക്കാരുകളിൽ ഉണ്ടായ വലിയ സ്വാധീനവും അഭിലാഷിന്റെ രാഷ്ട്രീയ ബന്ധങ്ങളും വളർച്ചയ്ക്ക് സഹായമായി.

കർണാടക സർക്കാർ നോമിനിയാക്കിയ മേഖലകളിലെല്ലാം അഴിമതിയില്ലാതെ, സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് കഴിവുതെളിയിച്ചതാണ് മൂകാംബിക അമ്മയെ സേവിക്കാനുള്ള പദവിയിലേക്ക് അഭിലാഷിനെ എത്തിച്ചത്. 

രാജീവ് ഗാന്ധി ആരോഗ്യ സർവകലാശാല ഭരണസമിതി അംഗം, കർണാടക സെൻസർ ബോർഡ് അംഗം, കെ.എസ്.ഇ.ബി അംഗം എന്നീ നിലകളിൽ തിളങ്ങിയ അഭിലാഷിനെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാലത്താണ് സർക്കാർ നോമിനിയായി കൊല്ലൂർ ട്രസ്റ്റി ബോർഡിൽ നിയമിച്ചത്. 

കൊട്ടാരക്കര മേൽകുളങ്ങരയിലെ റിട്ട. അദ്ധ്യാപക ദമ്പതികളായ കെ. പ്രഭാകരന്റെയും വിജയകുമാരിയുടെയും ഏകമകനാണ്. അഭിഭാഷകയായ അഞ്ജലിയാണ് ഭാര്യ. അഭിരാമി, അദിത്രി എന്നിവർ മക്കളാണ്.

-ഉദിനൂർ സുകുമാരൻ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.