Latest News

ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ്ലിം ദമ്പതികളെ മര്‍ദ്ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

ആല്‍വാര്‍: ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മുസ് ലിം ദമ്പതികളെ മര്‍ദ്ദിക്കുകയും യുവതിയെ ലൈംഗികമായി അപമാനിക്കുകയും ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍. വന്‍ഷ് ഭരദ്വാജ്(23), സുരേന്ദ്ര മോഹന്‍ ഭാട്ടിയ(32) എന്നിവരെയാണ് കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തത്.[www.malabarflash.com]

രാജസ്ഥാനിലെ ആല്‍വാറില്‍ ഹരിയാന സ്വദേശികളായ ദമ്പതികള്‍ക്കു നേരെ ശനിയാഴ്ച രാത്രിയാണു അതിക്രമമുണ്ടായത്. ആല്‍വാറിലെ ഒരു ബസ് സ്‌റ്റോപ്പില്‍ രാത്രി 11.30ഓടെ ബസ് കാത്തുനില്‍ക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ ജയ് ശ്രീറാം എന്നു വിളിക്കണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. 

ദമ്പതികളെ അപമാനിക്കുന്നതു കണ്ട് പോലിസില്‍ വിവരമറിയിക്കുകയും രണ്ടുപേരെയും കൈയോടെ കോട്‌വാലി പോലിസിനു കൈമാറുകയായിരുന്നുവെന്നും ആല്‍വാര്‍ മഹിളാ താന സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഛൗത്ത്മാല്‍ വര്‍മ പറഞ്ഞു. 

എന്നാല്‍, ഇരുവരും മദ്യലഹരിയിലാണ് അതിക്രമം കാട്ടിയതെന്നാണ് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതെന്നും പോലിസ് പറഞ്ഞു.
ഇരുവര്‍ക്കുമെതിരേ മനപൂര്‍വം മുറിവേല്‍പ്പിക്കല്‍, ലൈംഗികാതിക്രമം, മതവികാരം വ്രണപ്പെടുത്തല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 

ഭരജ്വാജിനെതിരേ നേരത്തേ കോട് വാലി പോലിസ് സ്‌റ്റേഷനില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. 

രാജസ്ഥാനിലെ ദിദ് വാനയില്‍ നിന്ന് ഹരിയാനയിലെ നൂഹിലേക്കു പോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു ദമ്പതികള്‍. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച രാവിലെയാണ് ദമ്പതികള്‍ യാത്ര പോയത്. ഇരുവരുടെയും മൊഴികള്‍ പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.