Latest News

പ്ലസ്ടു വിദ്യാർഥിനികളുടെ ആത്മഹത്യ; ‘വാട്സാപ് വാർത്തകൾ’ വ്യാജമെന്ന് പോലീസ്

കണ്ണൂർ: ചക്കരക്കല്ലിൽ വിദ്യാർഥിനികളുടെ ആത്മഹത്യയെത്തുടർന്നു വാട്സാപിൽ പ്രചരിച്ച വാർത്തകൾ വ്യാജമെന്നു പോലീസ്. സൗഹൃദ ഗ്രൂപ്പുകളിലെ ചാറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങളാണു മരണകാരണമെന്നു സമൂഹമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒന്നും ഉണ്ടായിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി.[www.malabarflash.com]

അതേ സമയം പ്ലസ്ടു വിദ്യാർഥിനികളായ കൂട്ടുകാരികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു. ക്ലാസ് മുറിയിൽ സഹപാഠികൾ തമ്മിലുണ്ടായ ചില നിസ്സാര കളിയാക്കലുകളെ തുടർന്നാണു ജീവനൊടുക്കിയതെന്നാണു പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ചില സഹപാഠികൾ കളിയാക്കിയതായി മൃതദേഹങ്ങൾക്കു സമീപത്തു നിന്നു കിട്ടിയ കത്തിൽ പരാമർശമുണ്ട്.

അവരെ ചോദ്യം ചെയ്തെങ്കിലും ഗൗരവമുള്ള സംഭവങ്ങളുണ്ടായിട്ടില്ലെന്നു പോലീസ് വ്യക്തമാക്കി. മരിച്ച പെൺകുട്ടികളിൽ ഒരാളുടെ സുഹൃത്തിന്റെ മൊബൈൽ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിൽ പെൺകുട്ടിയുമായി നടത്തിയ വാട്സാപ് ചാറ്റിങ് ഉണ്ടെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലും പെൺകുട്ടികൾ എന്തെങ്കിലും തരത്തിലുള്ള ചൂഷണങ്ങൾക്കു വിധേയരായതായി കണ്ടെത്തിയിട്ടില്ല.

പെൺകുട്ടികൾ രണ്ടു പേരും ഹൈസ്കൂൾ തലം മുതൽ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും ഇരുവീടുകളിലും സ്ഥിരമായി എത്താറുണ്ട്. ശനിയാഴ്ച ഉച്ച വരെ സ്കൂളിൽ സ്പെഷൽ ക്ലാസിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ കുട്ടികൾ മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നുവെന്നാണു ബന്ധുക്കളുടെ മൊഴി.

 ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്നു വീട്ടുകാർ നോക്കിയപ്പോഴാണു മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്.

സ്കൂളിലും ഇരുവരെക്കുറിച്ചും നല്ല അഭിപ്രായമാണ്. എൻഎസ്എസ് വൊളന്റിയർമാരായ ഇരുവരും പാഠ്യേതര പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

മാതാപിതാക്കൾക്ക് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമുണ്ടായ കുട്ടികളാണ് ഇരുവരും. വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള സമ്മർദം ഇരുവർക്കും ഉണ്ടായിരുന്നില്ലെന്നാണു ബന്ധുക്കൾ പറയുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.