Latest News

വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ

തിരുവനന്തപുരം: വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പുനരന്വേഷിക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍.[www.malabarflash.com]

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടത് എന്തുകൊണ്ടാണെന്നത് പുനരന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ വ്യാപ്തി വേണമെന്നും പ്രൊസിക്യുഷന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു.

ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച ഉയര്‍ന്ന ഓഫീസര്‍മാരോ പൊലീസുകാരോ ഈ കേസ് അന്വേഷണം ഇളക്കിയിട്ടുണ്ടെങ്കില്‍ അതും അന്വേഷണ വിധേയമാക്കണം. സിഡബ്യുസി ചെയര്‍മാന് വീഴ്ച സംഭവിച്ചു. ചെയര്‍മാന്‍ ഒരിക്കലും പ്രതിക്ക് വേണ്ടി ഹാജരാകാന്‍ പാടില്ലാത്തതാണെന്നും അവര്‍ പറഞ്ഞു.

ഇന്ന് നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടി ചട്ടവും തെളിവ് നിയമങ്ങളും പൊളിച്ചെഴുത്തിന് വിധേയമാക്കണം. ഇരകളാക്കപ്പെടുന്നവര്‍ക്ക് നീതി ലഭ്യമല്ലാത്ത വിധം പ്രതികള്‍ക്ക് പലപ്പോഴും സംശയത്തിന്റെ ആനുകൂല്യങ്ങള്‍ കിട്ടുന്നുവെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. സംശയത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടുന്നു. ഈ അവസ്ഥ മാറണം.

പോക്‌സോ കേസായതിനാല്‍ വനിതാ കമ്മിഷന് കേസെടുക്കാനാവില്ല. സംഭവം നടന്ന സമയത്ത് വനിതാ കമ്മിഷനംഗം അഡ്വ ഷിജി ശിവജി സംഭവസ്ഥലം സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ അന്വേഷിച്ചിട്ടുണ്ട്. ആ സമയത്ത് പൊലീസ് കേസെടുത്ത് കോടതിയില്‍ പ്രതികളുടെ പേരില്‍ ചാര്‍ജ്ജ് ചെയ്തിട്ടുമുണ്ട്. കോടതി വിചാരണ നടത്തി പ്രതികളെ വെറുതെ വിട്ട സംഭവമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. വനിതാ കമ്മിഷന്‍ വൈകാരികമായല്ല സംഭവങ്ങളെ കാണുന്നത്. വിവാദങ്ങളില്‍ അതിശക്തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ്. വസ്തുതാ പരമായി സംഭവങ്ങളെ വിലയിരുത്താന്‍ കേരള സമൂഹം തയ്യാറാകണമെന്നും എംസി ജോസഫൈന്‍ ആവശ്യപ്പെട്ടു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.