Latest News

കൊല്ലത്ത് മകൻ അമ്മയെ കുഴിച്ച് മൂടിയത് ജീവനോടെ? നാല് വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു

കൊല്ലം: കൊല്ലത്ത് മകൻ കൊന്ന് കുഴിച്ചുമൂടിയ അമ്മ ക്രൂരമർദ്ദനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അമ്മയെ ജീവനോടെ കുഴിച്ചുമൂടിയതാണോയെന്നും സംശയമുണ്ട്.[www.malabarflash.com]
ശ്വാസംമുട്ടിയാണ് എൺപത്തിനാലുകാരിയായ സാവിത്രിയമ്മയുടെ മരണം സംഭവിച്ചത് . മകൻ സുനില്‍കുമാര്‍ കഴുത്ത് ഞെരിച്ചു കൊന്നതോ അല്ലെങ്കില്‍ മര്‍ദനത്തില്‍ ബോധരഹിതയായ സാവിത്രിയമ്മയെ ജീവനോടെ കുഴിച്ചിട്ടതോ ആകാം ഇതിനു കാരണമെന്നാണ് നിഗമനം.

സാവിത്രിയമ്മയുടെ നാല് വാരിയെല്ലുകള്‍ ഒടിഞ്ഞതായും പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ഇത് അവരെ നിലത്തിട്ട് ചവിട്ടിയപ്പോൾ സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. തലയ്ക്ക് പുറകില്‍ ക്ഷതമേറ്റിട്ടുണ്ട്. തല ഭിത്തിയില്‍ അടിച്ചപ്പോഴുണ്ടായതാകാം ഈ മുറിവ്.
വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞശേഷമേ ഇക്കാര്യത്തില്‍ വ്യക്തത ഉണ്ടാകൂ. 

അതേസമയം റിമാന്‍ഡിലുള്ള പ്രതിയെ കൂടുതല്‍ അന്വേഷണങ്ങൾക്കായി കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിന് പോലീസ് കോടതിയെ സമീപിക്കും. 

ഇതിനിടെ സാവിത്രിയമ്മയെ കുഴിച്ചു മൂടാനടക്കം സഹായം ചെയ്ത കൂട്ടുപ്രതി കുട്ടനെ കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
സ്വത്തും പണവും ആവശ്യപ്പെട്ട് സുനിൽ കുമാർ സ്ഥിരമായി അമ്മയെ മർദ്ദിക്കുമായിരുന്നെന്ന് നാട്ടുകാരും അമ്മയും പറഞ്ഞിരുന്നു. ഇതിന്‍റെ പേരിൽത്തന്നെ നടത്തിയ മർദ്ദനത്തിലാണ് അമ്മ സാവിത്രിയമ്മ മരിച്ചത്. മദ്യപിച്ച് സ്ഥിരം വീട്ടിലെത്തി ഇയാൾ പ്രശ്നമുണ്ടാക്കുമായിരുന്നു. മറ്റ് രണ്ട് മക്കളുണ്ടായിരുന്നെങ്കിലും ഒറ്റയ്ക്ക് താമസിക്കുന്ന മകനൊപ്പമാണ് സാവിത്രിയമ്മ കഴിഞ്ഞിരുന്നത്. 

ഇയാൾ ഒറ്റയ്ക്കായിരുന്നതിനാൽ സാവിത്രിയമ്മ മറ്റ് രണ്ട് മക്കളുടെ കൂടെ താമസിക്കാൻ തയ്യാറായിരുന്നില്ല. ഇയാളെ പേടിയായതിനാൽ മക്കളാരും വീട്ടിലെത്തി അമ്മയെ കാണാൻ വരാറില്ല. പുറത്ത് നിന്നാണ് കാണാറ്.
അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. 

മകൾ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ തനിക്കും അമ്മയെ കാണാനില്ലെന്ന് പരാതി നൽകാനുണ്ടെന്നും എവിടെപ്പോയെന്ന് അറിയില്ലെന്നുമാണ് സുനിൽ പറഞ്ഞത്. എന്നാൽ പിന്നീട് സ്ഥലത്ത് വിശദമായ പരിശോധന നടത്തിയപ്പോഴാണ് കുഴി മൂടിയത് പോലെ ഒരിടം വീട്ടു വളപ്പിൽ കണ്ടത്. ഇവിടെ കുഴിച്ചു നോക്കിയപ്പോൾ രൂക്ഷമായ ദുർഗന്ധം വന്നു. തുടർന്നാണ് അമ്മയെ തല്ലിക്കൊന്ന് കുഴിച്ചിട്ടെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചത്.
ഒരു മാസം മുമ്പാണ് സാവിത്രിയമ്മയെ ഇയാൾ തല്ലിക്കൊന്നത്. എന്നാൽ ഒരു മാസം ആരുമറിയാതെ ഇയാൾ നടന്നു. ഒരു കൂസലുമില്ലാതെ പോലീസ് സ്റ്റേഷനിലെത്തി അമ്മയെ കാണാനില്ലെന്ന് പരാതി നൽകി. പിന്നീടാണ് പോലീസ് വലയിലാകുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.