Latest News

ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സാമ്പത്തിക നൊബേല്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി, ഭാര്യ എസ്തര്‍ ഡഫ്ലോ എന്നിവരുള്‍പ്പടെ മൂന്നുപേര്‍ക്ക് സാമ്പത്തിക നോബേല്‍. യു എസ് സ്വദേശി മൈക്കല്‍ ക്രീമര്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹനായ മറ്റൊരു ശാസ്ത്രജ്ഞന്‍. ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കാണ് പുരസ്‌കാരം.[www.malabarflash.com]

മൂവരുടെയും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ ആഗോള ദാരിദ്ര്യത്തിനെതിരെ പോരാടാനുള്ള നമ്മുടെ ശേഷിയെ വലിയ തോതില്‍ മെച്ചപ്പെടുത്തിയതായി നൊബേല്‍ കമ്മിറ്റി വിലയിരുത്തി. ഇവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതായും കമ്മിറ്റി വ്യക്തമാക്കി.

അമേരിക്കയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ അഭിജിത്ത് കൊല്‍ക്കത്ത സ്വദേശിയാണ്. കൊല്‍ക്കത്ത, ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1988ല്‍ പി എച്ച് ഡി കരസ്ഥമാക്കി. അബ്ദുല്‍ ലത്തീഫ് ജമീല്‍ പോവര്‍ട്ടി ആക്ഷന്‍ ലാബിന്റെ സഹ സ്ഥാപകനാണ്. നൊബേല്‍ സമ്മാനം പങ്കിട്ട സഹധര്‍മിണി എസ്തര്‍ ഡഫ്ലോയും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ഫ്രഞ്ചുകാരിയാണ് എസ്തര്‍.

പ്രമുഖ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അമര്‍ത്യ സെന്നിന് ശേഷം നൊബേല്‍ കരസ്ഥമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വംശജനാണ് അഭിജിത് ബാനര്‍ജി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.