Latest News

പൗരത്വം നിഷേധിക്കപ്പെട്ടയാള്‍ തടങ്കലില്‍ മരിച്ചു; മൃതദേഹം ഏറ്റുവാങ്ങാതെ ബന്ധുക്കള്‍

ഗുവാഹത്തി: അസം സര്‍ക്കാര്‍ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്ന് തടങ്കലില്‍ കഴിയുമ്പോള്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചു.[www.malabarflash.com]

അസമിലെ സോണിത്പൂര്‍ ജില്ലയിലെ അലിസിംഗ ഗ്രാമത്തിലെ ദുലാല്‍ ചന്ദ്ര പോള്‍ എന്ന 65 കാരനാണ് അസുഖത്തെ തുടര്‍ന്ന് ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ മരിച്ചത്.

ഭരണകൂടം അദ്ദേഹത്തെ ഇന്ത്യന്‍ പൗരനായി പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തെ വിദേശിയാണെന്ന് പ്രഖ്യാപിച്ചതിനാല്‍ മൃതദേഹം ബംഗ്ലാദേശിന് കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടു. 

പോള്‍ ഒരു വിദേശിയല്ല, ഇന്ത്യക്കാരനാണെന്ന് സര്‍ക്കാര്‍ പ്രസ്താവന ഇറക്കിയാല്‍ മാത്രമേ മൃതദേഹം സ്വീകരിക്കുകയുള്ളൂവെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കുടുംബം. മാനസിക രോഗമുള്ള ദുലാല്‍ ചന്ദ്ര പോളിനെ 2017 ലാണ് വിദേശിയായി പ്രഖ്യാപിച്ചതെന്ന് കുടുംബം പറയുന്നു.

അതേസമയം, മൃതദേഹം സ്വീകരിക്കാന്‍ കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ ഗ്രാമത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയച്ചിട്ടുണ്ട്.

1985 മുതല്‍ ഇതുവരെ തടങ്കല്‍ കേന്ദ്രങ്ങളില്‍ 25 പേര്‍ മരിച്ചതായാണ് അസം സര്‍ക്കാറിന്റെ കണക്ക്. അവരില്‍ ഒരാള്‍ 45 ദിവസം പ്രായമുള്ള കുട്ടി മുതല്‍ 85 വയസ്സുകാരന്‍ വരെ ഉണ്ട്. ഓഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് 19 ലക്ഷത്തിലധികം ആളുകളെ ഒഴിവാക്കിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.