Latest News

എസ് വൈ എസ് സാന്ത്വന കേന്ദ്രം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

തിരുവനന്തപുരം: എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററിനരികില്‍ നിര്‍മിച്ച സാന്ത്വന കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

ആര്‍ സി സിയിലും ശ്രീചിത്രയിലും വിദഗ്ധ ചികിത്സക്കെത്തുന്ന അശരണരും നിരാലംബരുമായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഇത് തണലിടമാകും. 

പ്രസ്ഥാനത്തിന്റെ ഗള്‍ഫ് ഘടകമായ ഐ സി എഫിന്റെ സഹകരണത്തോടെയാണ് സാന്ത്വനം സെന്റര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
ആതുര സേവന മേഖലയില്‍ എസ് വൈ എസിന്റെ ഇടപെടല്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സാന്ത്വനം എന്ന പേരില്‍ തന്നെ ഔചിത്യ ഭംഗിയുണ്ട്. ആ പേരില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. ഒരു രോഗിയെ സംബന്ധിച്ച് ഏറെ ആശ്വാസം നല്‍കുന്നതാണ് ആ പേര് തന്നെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ മനുഷ്യരോടും കരുണ കാണിക്കാനും വേദനിക്കുന്നവന്റെ കുടെ നിന്ന് കഴിയാവുന്ന എല്ലാ സഹായങ്ങളും ചെയ്യാനുമാണ് ഇസ്‌ലാം പഠിപ്പിക്കുന്നതെന്നും കാന്തപുരം ചൂണ്ടിക്കാട്ടി.

എസ് വൈ എസിന്റെ സാന്ത്വന പ്രവര്‍ത്തനങ്ങള്‍ നേരില്‍ അനുഭവിച്ചിട്ടുണ്ടെന്നും കഴിഞ്ഞ പ്രളയത്തില്‍ കവളപ്പാറയിലും പുത്തുമലയിലും സാന്ത്വനം പ്രവര്‍ത്തകരുടെ നിറസാന്നിധ്യം ഏറെ മാതൃകാപരമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സാന്ത്വനം സോഫ്റ്റ് വെയര്‍ ലോഞ്ചിംഗ് നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു എ ഇ കോണ്‍സുലര്‍ ജനറല്‍ ഡോ. ജമാല്‍ ഹുസൈന്‍ അല്‍ സാബി മുഖ്യാതിഥിയായിരുന്നു. 

25,000 സ്‌ക്വയര്‍ ഫീറ്റില്‍ നാല് നിലകളിലാണ് സാന്ത്വന കേന്ദ്രം. 300 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ താമസ ഭക്ഷണ സൗകര്യം സാന്ത്വന കേന്ദ്രത്തില്‍ ലഭ്യമാകും.
സയ്യിദ് അലി ബാഫഖി പ്രാര്‍ഥന നിര്‍വഹിച്ചു. കാല്‍ലക്ഷം സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരിയും ദാറുല്‍ ഖൈര്‍ ഭവനനിര്‍മാണ പദ്ധതി സമര്‍പ്പണം സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരും നിര്‍വഹിച്ചു.
ബി സത്യന്‍ എം എല്‍ എ, നിയുക്ത എം എല്‍ എ വി കെ പ്രശാന്ത്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, മുന്‍ എം എല്‍ എ യൂനുസ് കുഞ്ഞ്, പി എ ഹൈദറോസ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ, സയ്യിദ് ത്വാഹാ, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, സി പി മൂസാ ഹാജി, സി പി സൈതലവി ചെങ്ങര, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, എ സൈഫുദ്ദീന്‍ ഹാജി, അബ്ദുസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല, ഡോ. മുഹമ്മദ് ഹനീഫ, നിസാമുദ്ദീന്‍ ഫാളിലി, മജീദ് കക്കാട്, സിദ്ദീഖ് സഖാഫി നേമം സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.