പാലക്കുന്ന്: തൃക്കണ്ണാട് ക്ഷേത്രത്തിൽ മുൻകാലങ്ങളിൽ ട്രസ്റ്റീബോർഡിന്റെ മേൽനോട്ടത്തിൽ ക്ഷേത്ര ഫണ്ട് ഉപയോഗിച്ച് നടത്തിയ നിർമ്മാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോപിക്കുന്ന അഴിമതിയുമായി ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന അഷ്ടബന്ധ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ ഉത്സവ ആഘോഷ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.[www.malabarflash.com]
ദേശാധിപനായ തൃക്കണ്ണാടപ്പന്റെ പ്രതിഷ്ഠയ്ക്ക് സംഭവിച്ച ജീർണ്ണത മാറ്റേണ്ടതിന്റെ ഗൗരവം ക്ഷേത്രത്തിൽ സെപ്റ്റംബർ 5മുതൽ 8 വരെ നടന്ന അഷ്ടമംഗല പ്രശ്നത്തിൽ കണ്ടെത്തിയതിനാൽ ബ്രഹ്മകലശോത്സവത്തിന്റെ അനിവാര്യത തന്ത്രിയും മേൽശാന്തിയും സ്ഥിരീകരിക്കുകയും അതിനായ് ജനാധിപത്യ രീതിയിൽ രൂപവത്കരിച്ച ആഘോഷ കമ്മിറ്റി പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും ഭാരവാഹികൾ പറയുന്നു .
ചില അടിയന്തര നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ഒരു കോടിയോളം രൂപ ഈ ബ്രഹ്മകലശ മഹോത്സവത്തിന് ചിലവ് പ്രതീക്ഷിക്കുന്നുണ്ട് . അതിന്റെ ഒരു വിഹിതം ക്ഷേത്ര ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടാൻ ദേവസ്വം ബോർഡിന് ആഘോഷ കമ്മിറ്റി അപേക്ഷ നൽകിയിട്ടുണ്ട്.
പുനഃപ്രതിഷ്ഠ വിശ്വാസികളുടെ കടമയാണെന്നും അതുമായി സഹകരിച്ച് മഹോത്സവം വിജയിപ്പിക്കണമെന്നും ആഘോഷ കമ്മിറ്റി ചെയർമാൻ മേലത്ത് ശ്രീവത്സൻ നമ്പ്യാരും വർക്കിംഗ് ചെയർമാൻ എം.പി. കുഞ്ഞിരാമനും ജനറൽ കൺവീനർ സി.എച്ച്.നാരായണനും അഭ്യർത്ഥിച്ചു.
ജനുവരി 31 മുതൽ ഫെബ്രുവരി 8വരെയാണ് ക്ഷേത്രത്തിൽ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുക.
No comments:
Post a Comment