Latest News

ദുർഘടപാതയിൽ കിതയ‌്ക്കുന്ന വാഹനത്തിൽ പാട്ടും കഥയുമായി സ്ഥാനാർഥി ഉഷാറിലാണ‌്

മഞ്ചേശ്വരം: പ്രകൃതിരമണീയമായ പൊസഡിഗുമ്പേ കുന്നിൻമുകളിലെ വസന്തപണ്ഡിറ്റിന്റെ വീടാണ‌് ലക്ഷ്യം. ദുർഘടപാതയിൽ കിതയ‌്ക്കുന്ന വാഹനത്തിൽ പാട്ടും കഥയുമായി സ്ഥാനാർഥി ഉഷാറിലാണ‌്.[www.malabarflash.com]

പാളയൻകോടൻ പഴം നൽകിയാണ‌് വസന്തപണ്ഡിറ്റ‌് എൽഡിഎഫ‌് സ്ഥാനാർഥിയെ വരവേറ്റത‌്. കുടുംബബന്ധങ്ങളും മറ്റും പറഞ്ഞ‌് അൽപനേരം. വണ്ടി വീണ്ടും സമതലത്തിലേക്ക‌്. വാഴയും കവുങ്ങും തെങ്ങും നിറഞ്ഞ തോപ്പുകൾ. കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനത്തിന‌് ആഴത്തിൽ വേരുള്ള പൈവളിഗെ പഞ്ചായത്തിലാണ‌് പര്യടനം. 

മേൽന പഞ്ചയിലെ കൃഷ‌്ണരാജിന്റെ വീട്ടിലെത്തിയപ്പോൾ ഗേറ്റിൽ കാത്തുനിൽപ്പാണ‌് കന്യാലയയിലെ സവിത. ബംഗളൂരിൽ ചെറിയ ജോലിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന്റെ ആവേശത്തിൽ നാട്ടിലെത്തിയതാണ‌്. ഇരുചക്രവാഹനത്തിൽ സഖാക്കൾക്കൊപ്പം സ്വീകരണകേന്ദ്രങ്ങളിൽ സജീവം. 

 കൃഷ‌്ണരാജ‌് വടക്കേമലബാറിലെ പേരുകേട്ട ഓടക്കുഴൽ നിർമാണവിദഗ‌്ധനും കർഷകനുമാണ‌്. അബ്ദുൾറസാഖ‌് ചിപ്പാർ, എം സി മാധവൻ എന്നിവർക്കൊപ്പമെത്തിയ സ്ഥാനാർഥിക്ക‌് ഗ്രാമീണഭവനത്തിൽ ഹൃദ്യസ്വീകരണം. ചൂടാറ്റാൻ എല്ലാവർക്കും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ട മോരുവെള്ളം നൽകി ആതിഥ്യം. കൃഷ‌്ണരാജ‌് പണിശാലയിലേക്ക‌് ക്ഷണിച്ചു. 

നൂറുകണക്കിന‌് ഓടക്കുഴലുകളാണ‌് ഇവിടെ കലാകാരന്മാരെ കാത്തിരിക്കുന്നത‌്. മകൻ ആശയ‌് യും കൃഷ‌്ണരാജും ചേർന്ന‌് ശങ്കർറൈക്ക‌് ഒരു ഓടക്കുഴൽ സമ്മാനമായി നൽകി. സുജങ്കലയിലെ നരസണ്ണ കോളനി കാത്തിരിക്കുകയാണ‌് .അവിടെ റൈ എല്ലാവർക്കും സുപരിചിതൻ. കൂട്ടത്തിലെ മുതിർന്നയാളായ മാലിങ്കപുരുഷ ഒരു കുട്ടിപ്പായ വിരിച്ച‌് സ്ഥാനാർഥിയെ ക്ഷണിച്ചു. സദാശിവയും കാർത്യായനിയും ചേർന്ന‌് അയൽവാസികളെയും കൂട്ടി. 

കുടിവെള്ളം കിട്ടാത്തതും മറ്റ‌് പരാധീനതകളും കോളനിവാസികൾ സ്ഥാനാർഥിയുടെ ശ്രദ്ധയിൽപ്പെടുത്തി. എൽഡിഎഫ‌് സർക്കാരിന്റെ ജനക്ഷേമപദ്ധതികളിൽ ഇവയ‌്ക്ക‌് പരിഹാരമുണ്ടെന്നും അത‌് യാഥാർഥ്യമാക്കാൻ ഒപ്പമുണ്ടാകുമെന്നും ഉറപ്പ‌്. പായനെയ‌്ത്താണ‌് ഇവരുടെ കുലത്തൊഴിൽ. സഹകരണസൊസൈറ്റികളില്ലാത്തതിനാൽ തൊഴിൽമേഖല വലിയ പ്രതിസന്ധി നേരിടുന്നതും ജീവിതപ്രയാസങ്ങളും അവരുടെ മുഖങ്ങളിലും വീട്ടുപരിസരത്തും വ്യക്തം. ബിജെപിയാണ‌് വാർഡിനെ പ്രതിനിധീകരിക്കുന്നത‌്.
മാലിങ്കപുരുഷയുടെ അഭ്യർഥന പ്രകാരം ഒരുപാട്ട‌്. ‘നൂഡി നിമ്മലു’. നിർത്താൻ ഭാവമില്ല. കൂടെയുള്ളവർ തിരക്കു കൂട്ടുന്നു. ഒരിക്കൽ കൂടി വോട്ടുചോദിച്ച‌് മടക്കം. തുടർന്ന‌് ബായാർ പ്രശാന്തി വിദ്യാകേന്ദ്രത്തിലേക്ക‌്. ബുധനാഴ‌്ച ബായാർ മുളിഗദ്ദെയിൽനിന്നാണ‌് തുടക്കം. ബായാർപദവ‌്, റമ്പയാർമൂലെ പട്ടികജാതി കോളനി തുടങ്ങിയസ്ഥലങ്ങളിലും വീടുകളിലും പീടികകളിലും വോട്ട‌് അഭ്യർഥിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.