Latest News

പ്രതീക്ഷകള്‍ അവസാനിച്ചു; കുഴൽകിണറിൽ വീണ കുഞ്ഞ് സുജിത് യാത്രയായി

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ കുഞ്ഞ് മരിച്ചു. രണ്ടരവയസ്സുകാരന്‍ സുജിത് വിത്സണാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തര കുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു. എന്നാല്‍ കുഴല്‍കിണറില്‍ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.[www.malabarflash.com] 

പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ - കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലെത്തിയത്. തുടര്‍ന്ന് നാലരദിവസമായി കൂട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങള്‍ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.

രക്ഷാപ്രവര്‍ത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി. രാധാകൃഷ്ണന്‍ അറിയിച്ചു. ഞായറാഴ്ച രാത്രി 10.30 ഓടെ കുഴല്‍ കിണറിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്.

ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്. 

എണ്ണകമ്പനികളില്‍ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായത്.

കുറെയേറെ തടസ്സങ്ങളെ മറികടന്നാണ് രക്ഷാ പ്രവര്‍ത്തനം തുടര്‍ന്നത്. എന്നാല്‍ രാജ്യത്തിന്റെയാകെ പ്രാര്‍ഥനയെ കണ്ണീരിലാഴ്ത്തി തിങ്കളാഴ്ച രാത്രിയോടു കൂടി കുഞ്ഞിന്റെ മരണവാര്‍ത്തയെത്തുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.