Latest News

നിരോധിത കറന്‍സി എണ്ണിത്തിട്ടപ്പെടുത്താനെന്ന പേരില്‍ പണം തട്ടിയ യുവാവ് പിടിയില്‍; റിസര്‍വ് ബാങ്കിന്റെ വ്യാജ പ്രമാണവും സീലുകളും കണ്ടെടുത്തു

ചെര്‍പ്പുളശ്ശേരി: നിരോധിത കറന്‍സി എണ്ണിത്തിട്ടപ്പെടുത്താന്‍ ആളുകളെ വേണം എന്ന വ്യാജേന പണം തട്ടിയ കേസിലെ പ്രതിയെ ചെര്‍പ്പുളശ്ശേരി പോലിസ് പിടികൂടി. മലപ്പുറം വേങ്ങര കണ്ണമംഗലം സ്വദേശി ചെങ്ങാനിക്കോട്ടയില്‍ സുബൈര്‍ (39) ആണ് പിടിയിലായത്.[www.malabarflash.com]

ചെര്‍പ്പുളശ്ശേരി തൂതയില്‍ ഒരു വീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. ചെര്‍പ്പുളശ്ശേരി എസ്‌ഐ തോംസണ്‍ ആന്റണി, എഎസ്‌ഐ ബാബുരാജ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഒറ്റപ്പാലംകോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

തട്ടിപ്പിനിരയായ വയനാട് സുല്‍ത്താന്‍ ബത്തേരിസ്വദേശി പറപ്പാട്ട് വീട്ടില്‍ സണ്ണി പി വര്‍ഗ്ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്. ഈ കേസില്‍ പോലിസ് അന്വേഷിച്ചു വരികയായിരുന്നു. 5 ലക്ഷം രൂപ ബാങ്കിലൂടെ സണ്ണി സുബൈറിന് നല്‍കിയിരുന്നു. ഒന്നര വര്‍ഷം കഴിഞ്ഞ് ഇടപ്പാടിനെ പറ്റി സംസാരിച്ചപ്പോള്‍ വീണ്ടും 5 ലക്ഷം രൂപ കൂടി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുതയില്‍ സുഹൃത്തിന്റെ വീട്ടില്‍ വെച്ച് നല്‍കാം എന്നറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ തുതയില്‍ എത്തിയപ്പോഴാണ് പോലിസ് വലയിലായത്. ഇയാളുടെ കാറില്‍ നിന്ന് വ്യാജ സീലുകളും പ്രമാണങ്ങളും പോലിസ് കണ്ടെടുത്തു. 

നിരോധിത കറന്‍സി എണ്ണിത്തിട്ടപ്പെടുത്താന്‍ ആര്‍ബിഐ (റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ)യില്‍നിന്ന് കരാര്‍ എടുത്തിട്ടുണ്ട് എന്ന പേരില്‍ വ്യാജ രേഖ ചമച്ചാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി വള്ളക്കാടന്‍ ട്രേഡേഴ്‌സ് എന്ന പേരില്‍ കോഴിക്കോട് കമ്പനി രൂപീകരിച്ച് അതിന്റെ എംഡിയായി പ്രവര്‍ത്തിക്കുന്നു എന്ന പേരിലാണ് തട്ടിപ്പ്. ഇതിനായി ആര്‍ബിഐയുടെ വ്യാജ സീല്‍ പോലും ഉണ്ടാക്കിയിരുന്നു. 

14,000 കോടി രൂപയുടെ വ്യാജ കറന്‍സി എണ്ണി തിട്ടപ്പെടുത്താന്‍ കരാറുണ്ടാക്കി എന്നായിരുന്നു പ്രചരിപ്പിച്ചത്. ഇതിനുള്ള വ്യാജ കരാര്‍ രേഖകളെല്ലാം കാണിച്ചു. 30 ശതമാനം ആര്‍ബിഐയില്‍നിന്ന് കമീഷന്‍ ലഭിക്കും എന്നും പറഞ്ഞ് പലരില്‍നിന്നും 5 ലക്ഷം മുതല്‍ 25 ലക്ഷം വരെ കൈക്കലാക്കി. അഞ്ച് ഇരിട്ടി ലാഭത്തോടെ തിരിച്ചു നല്‍കാം എന്നു വാഗ്ദാനം നല്‍കി. 

റിസര്‍വ്വ് ബാങ്കിന് അഡ്വാന്‍സ് നല്‍കാനാണ് ഈ പണം എന്നു പറഞ്ഞാണ് പണം കൈപ്പറ്റിയത്. തിരഞ്ഞെടുത്ത 25 പേര്‍ക്ക് മൈസൂരുവില്‍ പരിശീലനവും നല്‍കി. പിന്നെയും പലരില്‍നിന്നും പണം വാങ്ങുന്നതിനുള്ള ശ്രമത്തിനിടയിലാണ് പിടിയിലായതെന്ന് പോലിസ് അറിയിച്ചു. 

ഇയാളുടെ കൂട്ടുപ്രതികളെയും പോലിസ് അന്വേഷിച്ചു വരികയാണ്. അടുത്തിടെ മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ പിടികൂടിയ നിരോധിത കറന്‍സികളുടെ വിതരണത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷണത്തിലാണന്നും പോലിസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.