Latest News

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശി പിടിയില്‍

തൃശൂര്‍: ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേന റെയില്‍വേയില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയത് പലരില്‍ നിന്നുമായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

കാസര്‍കോട്‌ പരപ്പ കമ്മാടം കുളത്തിങ്കല്‍ വീട്ടില്‍ ഷമീം പുഴക്കര എന്ന ഷാനു(31)വിനെയാണ് ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘം പിടികൂടിയത്. 

ചാലക്കുടിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള നിരവധി പേരില്‍ നിന്നു റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് ഓരോരുത്തരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഷമീം വാങ്ങിയെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ പി വിജയകുമാരന്‍ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഷമീം പിടിയിലായത്.
റെയില്‍വേയില്‍ പാന്‍ട്രി കാര്‍ ജീവനക്കാരനായിരുന്ന ഷമീം ഇംഗ്ലീഷ് ഉള്‍പ്പെടെ വിവിധ ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്നയാളാണ്. അഭ്യസ്തവിദ്യരെ കണ്ടെത്തി അവരോട് താന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡംഗമാണെന്ന് വിശ്വസിപ്പിച്ച് തന്ത്രപൂര്‍വം പണം കൈപ്പറ്റുകയായിരുന്നു.

അന്വേഷണ സംഘം നടത്തിയ രഹസ്യാന്വേഷണത്തില്‍ ബെംഗളൂരു കേന്ദ്രീകരിച്ചാണ് ഷമീം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. നിരവധി സിം കാര്‍ഡുകളുപയോഗിക്കുന്ന ഇയാള്‍ ഇന്റര്‍നെറ്റ് ശൃംഖലയിലൂടെയാണ് ഉദ്യോഗാര്‍ഥികളുമായി ആശയവിനിമയം നടത്തിയിരുന്നത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേ ഔട്ടില്‍ അത്യാഢംബര ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന ഷമീം റെയില്‍വേ ഡിവിഷനല്‍ ഓഫിസിനു സമീപം കോട്ടും സ്യൂട്ടും ധരിച്ച് ഉന്നത ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നത്. ഉദ്യോഗാര്‍ഥികളില്‍ നിന്നു നല്ലൊരു തുക മുന്‍കൂറായി വാങ്ങിയ ശേഷമാണ് ഇയാള്‍ കൂടിക്കാഴ്ചയ്ക്കുക്ഷണിച്ചിരുന്നത്. 

പിന്നീട് മെഡിക്കല്‍ പരിശോധനയ്ക്കായി റെയില്‍വേ അശുപത്രിയില്‍ ഉദ്യോഗാര്‍ഥിയെ എത്തിച്ച് പുറത്തുനിര്‍ത്തിയ ശേഷം ആശുപത്രിക്കകത്തേക്ക് പോയി അല്‍പസമയം കഴിഞ്ഞ് തിരിച്ചെത്തി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ച് വിശ്വാസ്യത വര്‍ധിപ്പിക്കും. പിന്നീട് ബാക്കി തുക വാങ്ങി ഉടന്‍ നിയമന ഉത്തരവ് ലഭിക്കുമെന്നറിയിച്ച് തിരിച്ചയക്കുകയുമാണ് ചെയ്യുക. മാസങ്ങള്‍ കഴിഞ്ഞിട്ടും നിയമന ഉത്തരവ് ലഭിക്കാതായതോടെയാണ് സംശയം തോന്നിയ ചിലര്‍ പരാതിയുമായി പോലിസിനെ സമീപിച്ചത്.
ഷമീമിനെ അന്വേഷിച്ച് മൂന്നുതവണ ബെംഗളൂരുവിലെത്തിയ അന്വേഷണ സംഘത്തിന് മൂന്നാം തവണയാണ് ഇയാളുടെ താവളം കണ്ടെത്തി പിടികൂടാനായത്. സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്യോഗാര്‍ഥികളെന്നു ധരിപ്പിച്ചാണ് അന്വേഷണ സംഘം ഓഫിസിനുള്ളില്‍ കയറി ഷമീമിനെ കസ്റ്റഡിയിലെടുത്തത്. 

ചാലക്കുടി ഡിവൈഎസ്പി സി ആര്‍ സന്തോഷിനു പുറമെ മാള എസ്‌ഐ വി വി വിമല്‍, ക്രൈം സ്‌ക്വാഡംഗങ്ങളായ എഎസ്‌ഐ ജിനുമോന്‍ തച്ചേത്ത്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി എം മൂസ, വി യു സില്‍ജോ, എ യു റെജി, ഷിജോ തോമസ്, മാള സ്‌റ്റേഷനിലെ സീനിയര്‍ സിപിഒ വി എം ബിജു എന്നിവരുണ്ടായിരുന്നു. 

വൈദ്യപരിശോധനയ്ക്കും തുടര്‍നടപടികള്‍ക്കും ശേഷം ഷമീമിനെ ചാലക്കുടി കോടതിയില്‍ ഹാജരാക്കും. ഇയാളുടെ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പെട്ടിട്ടുണ്ടോയെന്നും മറ്റും വിശദമായ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.