Latest News

നബിദിനം: കാസര്‍കോട്ടെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയിലെ നിരോധനാജ്ഞയ്ക്ക് ഇളവ്

കാസര്‍കോട് : കാസര്‍കോട് ജില്ലയിലെ അഞ്ച് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞയ്ക്ക് ഞായറാഴ്ച ഒരു ദിവസം ഇളവ്. നബിദിന ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് ഒരുദിവസത്തേക്ക് ഇളവ് പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. [www.malabarflash.com]

കാല്‍നടയായി നബിദിന റാലി അനുവദിക്കും. ഞായറാഴ്ച രാവിലെ എട്ട് മണിമുതല്‍ ഉച്ചക്ക് 12 മണിവരെയായിരിക്കും ഇളവ്.

മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ഹൊസ്ദുര്‍ഗ്, ചന്ദേര എന്നീ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് 11-)ം തിയതി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. അയോധ്യക്കേസില്‍ വിധി വരുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

നബിദിന ആഘോഷ സംഘാടകര്‍ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരില്‍ നിന്നും നബിദിന റാലി, റൂട്ട്, സമയം എന്നിവ കാണിച്ച് മുന്‍കൂട്ടി അനുവാദം വാങ്ങണം. സമാധാനപരമായി റാലി നടത്തണം, പ്രകോപനപരമായ പ്രസംഗങ്ങളോ മുദ്രവാക്യങ്ങളോ മുഴക്കുവാന്‍ പാടില്ല, റാലിയില്‍ പങ്കെടുക്കുന്നവര്‍ ബൈക്ക്, കാര്‍ എന്നിവ ഉപയോഗിക്കരുത്, റാലിയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ മുഖം മറയ്ക്കുന്ന മാസ്‌ക് ഒഴിവാക്കണം തുടങ്ങിയവയാണ് ജില്ലാ ഭരണകൂടം മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.