Latest News

പ്രളയം തകർത്ത റോഡ് പുനർനിർമാണത്തിന് ജർമനിയുടെ 1400 കോടി; സംസ്ഥാന സർക്കാരുമായി കരാർ

തിരുവനന്തപുരം: പ്രളയം തകർത്ത പൊതുമരാമത്ത് റോഡുകളുടെ പുനർനിർമാണത്തിന് ജർമൻ ഡവലപ്‌മെന്റ് ബാങ്കിന്റെ സഹായം. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാരും ജർമൻ ഡവലപ്‌മെന്റ് ബാങ്കും മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കരാർ ഒപ്പിട്ടു.[www.malabarflash.com]

1800 കോടി രൂപയുടെ പദ്ധതിയിൽ 1400 കോടി രൂപയുടെ സഹായമാണ് ജർമൻ ഡവലപ്‌മെന്റ് ബാങ്ക് നൽകുക. ഇതിനു പുറമെ സ്ഥാപന ശാക്തീകരണത്തിനും ശേഷി വർധനയ്ക്കുമായി 25 കോടി രൂപ ഗ്രാന്റായി നൽകും.

പ്രളയദുരിതത്തിലായ സംസ്ഥാനത്തെ സഹായിക്കുന്നതിനായി കേരളവും കേന്ദ്ര സർക്കാരും ജർമനിയുമായി നേരത്തെ തന്നെ ചർച്ചകൾ നടത്തിയിരുന്നു. പുനർനിർമാണം സംബന്ധിച്ച പദ്ധതി റിപ്പോർട്ട് കേരളം കഴിഞ്ഞ ഫെബ്രുവരിയിൽ കേന്ദ്രസാമ്പത്തികകാര്യ വകുപ്പിന് കൈമാറുകയും ചെയ്തു. ഒക്‌ടോബർ 30ന് ജർമൻ ബാങ്കും കേന്ദ്ര സർക്കാരും ലോൺ എഗ്രിമെന്റ് ഒപ്പുവച്ചു. തുടർന്നാണ് ബുധനാഴ്ച സംസ്ഥാനവുമായി കരാറായത്.

അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. സംസ്ഥാനത്തെ 31 റോഡുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കുന്നത്. മൊത്തം 800 കിലോമീറ്റർ ദൂരം ഇതിൽ ഉൾപ്പെടുന്നു. കെഎസ്ടിപിയാണ് പണി നടത്തുക. അടുത്ത വർഷം മേയോടെ പണി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രിൻസിപ്പൽ സെക്രട്ടറി ആർ.കെ.സിങ്, ബാങ്കിന്റെ ഇന്ത്യൻ മിഷൻ ടീം ലീഡർ കാർല ബെർക്, ഫ്രാങ്ക്ഫർട്ട് അർബൻ ഡവലപ്‌മെന്റ് പ്രോജക്ട് മാനേജർ ജാൻ ആൽബർ, ഡൽഹി അർബൻ ഡവലപ്‌മെന്റ് സീനിയർ സെക്ടർ സ്‌പെഷ്യലിസ്റ്റ കിരൺ അവധാനുള എന്നിവർ സന്നിഹിതരായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.