Latest News

പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ്; കെ-ഫോൺ പദ്ധതി അനുമതി നൽകാൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്റർനെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങൾക്കു സൗജന്യമായി അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാനും ലക്ഷ്യമിടുന്ന കെ-ഫോൺ പദ്ധതിക്കു ഭരണാനുമതി നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.[www.malabarflash.com]

സൗജന്യമായി ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇതുവഴി ലഭിക്കും. ഇന്‍റര്‍നെറ്റ് പൗരന്മാരുടെ അവകാശമായി പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് പദ്ധതി. 1548 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.

സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അതു വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെഎസ്ഇബിയും ഐടി ഇന്‍ഫ്രാസ്ട്രെക്ടറും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെൻഡർ. 2020 ഡിസംബറോടെ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 

ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് പദ്ധതിയിലൂടെ അവരുടെ സേവനങ്ങൾ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും കെ-ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും.

പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്‌വർക്ക് നിലവില്‍ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും. 

നിലവില്‍ മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെ‌റ്റ്‌വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അധികൃതർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.