Latest News

പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകൻ, പ്രിൻസിപ്പൽ, ഡോക്ടർ എന്നിവർക്കെതിരെ കേസ്

ബത്തേരി: വയനാട് ബത്തേരിയിൽ പെൺകുട്ടി സ്കൂളിൽവച്ചു പാമ്പുകടിയേറ്റു മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അനാസ്ഥമൂലം മരണം സംഭവിച്ചതിനാണു സ്വമേധയാ കേസ്.[www.malabarflash.com]

സ്കൂളിലെ പ്രധാന അധ്യാപകൻ കെ.കെ.മോഹനൻ, പ്രിൻസിപ്പൽ എ.കെ.കരുണാകരൻ, താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ലിസ മെറിൻ‌ ജോയി എന്നിവർ കേസിൽ പ്രതികളാണ്. അധ്യാപകൻ ഷിജിൽ ഒന്നാം പ്രതിയാണ്.

ബുധനാഴ്ച വൈകിട്ട് 3.15നാണു ബത്തേരി സർവജന വിഎച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷെഹ്‍ല ഷെറിന് പാമ്പു കടിയേൽക്കുന്നത്. പാമ്പു കടിച്ചെന്നു പെൺകുട്ടി കരഞ്ഞുപറഞ്ഞിട്ടും സ്കൂൾ അധികൃതർ ആശുപത്രിയില്‍ കൊണ്ടുപോകുന്നതു വൈകിച്ചെന്നു കണ്ടെത്തിയിരുന്നു. തുടർന്നു പെൺകുട്ടിയെ രണ്ടേ മുക്കാൽ മണിക്കൂറിനിടെ വയനാട്ടിലെ നാല് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യമായ ചികിത്സ ലഭിച്ചിരുന്നില്ല.

സംഭവം വിവാദമായതോടെയാണു പോലീസ് ഇടപെടൽ. സ്കൂളിലെ ഹെ‍ഡ് മാസ്റ്ററെയും പ്രിൻസിപ്പലിനെയും വെള്ളിയാഴ്ച ജോലിയിൽനിന്നും സസ്പെൻ‍ഡ് ചെയ്തിരുന്നു. വിദ്യാഭ്യാസ ഡെപ്യൂട്ടി ‍ഡയറക്ടറാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചത്. സ്കൂളിലെ പിടിഎയും പിരിച്ചുവിട്ടു. പൊളിക്കാനിരുന്ന കെട്ടിടത്തിൽനിന്നാണു ഷെഹ്‍ലയ്ക്കു പാമ്പു കടിയേറ്റത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.