തിരുവനന്തപുരം: പേരൂര്‍ക്കട മണികണ്‌ഠേശ്വരം ശിവക്ഷേത്രത്തിനു സമീപം ആര്‍എസ്എസ്- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 13 പേര്‍ക്ക് പരിക്കേറ്റു.[www.malabarflash.com]
ഡിവൈഎഫ്‌ഐ പതാകദിനത്തോടനുബന്ധിച്ച് കൊടി സ്ഥാപിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നേരത്തെ തന്നെ സിപിഎം- ബിജെപി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് മണികണ്‌ഠേശ്വരം.
ഞായറാഴ്ച രാവിലെ ഇവിടെ ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തിയിരുന്നു. ഇത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തകര്‍ത്തുവെന്ന് ഡിവൈഎഫ്‌ഐ ആരോപിക്കുന്നു. വീണ്ടും ഉച്ചയോടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊടിമരത്തില്‍ പതാക കെട്ടി. ഈ സമയത്താണ് വലിയ സംഘര്‍ഷമുണ്ടായത്.
ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന കമ്മിറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ ഉള്‍പ്പടെയുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൊടി തകര്‍ത്തതിനെതിരേ പോലിസില്‍ പരാതി കൊടുക്കാന്‍ പോയ പ്രവര്‍ത്തകരെ മണികണ്‌ഠേശ്വരം ക്ഷേത്രത്തിന് മുന്നില്‍വച്ച് ആര്‍എസ്എസ്- ബിജെപി സംഘം ആക്രമിക്കുകയായിരുന്നുവെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.
പരിക്കേറ്റതിനെ തുടര്‍ന്ന് ബിജു, മധു, കണ്ണന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നീ നാല് ബിജെപി പ്രവര്‍ത്തകരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷസമയം സ്ഥലത്തുണ്ടായിരുന്ന ആറു പോലിസുകാര്‍ക്കും പരിക്കേറ്റു. കണ്ടാലറിയുന്ന ചിലരുടെ പേരില്‍ കേസെടുത്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
കനത്ത പോലിസ് സന്നാഹം ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. കുറെ നാളുകളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത്രരൂക്ഷമാവുന്നത് ആദ്യമായാണ്.
ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വിനീതിനും സംസ്ഥാന കമ്മിറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണയ്ക്കും നേരെ ഉണ്ടായ ആര്‍എസ്എസ് ആക്രമണം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെകട്ടേറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ബോധപൂര്‍വമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് മണികണ്‌ഠേശ്വരത്ത് നടന്ന സംഭവം. മാരകായുധങ്ങളുമായി വന്ന ആക്രമികള്‍ ഏകപക്ഷീയമായ ആക്രമണമാണ് നടത്തിയത്. ആര്‍എസ്എസ് സ്വാധീന മേഖലകളില്‍ മറ്റു സംഘടനകള്‍ക്ക് സംഘടനാ സ്വാതന്ത്ര്യം അനുവദിക്കില്ലെന്ന ഫാഷിസ്റ്റ് നിലപാട് അംഗീകരിക്കാനാവില്ലെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
അതേസമയം, കൊടിത്തോരണങ്ങള്‍ നശിപ്പിച്ചെന്ന വ്യാജപ്രചാരണം നടത്തി പോലിസിന്റെ സഹായത്താല്‍ പുറത്തുനിന്നുള്ള ഗുണ്ടകളെ ഇറക്കി അക്രമം നടത്തുന്ന ഡിവൈഎഫ്‌ഐ നീക്കം അപകടമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ് സുരേഷ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് വേളയില്‍ പോലും സംഘര്‍ഷം നടന്നിട്ടില്ലാത്ത വട്ടിയൂര്‍ക്കാവിനെ കണ്ണൂരാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment