Latest News

കലോത്സവ നഗരിയെ മേളത്തിമിർപ്പിൽ ആറാടിച്ച് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ട്; 60 കുട്ടികൾ അവതരിപ്പിച്ച പഞ്ചാരിമേളം നാടിന് ഉത്സവമായി

കാഞ്ഞങ്ങാട്: കലോത്സവ നഗരിയെ മേളത്തിമിർപ്പിൽ ആറാടിച്ച് മേലാങ്കോട്ട് കുട്ടിക്കൂട്ടത്തിന്റെ കൊട്ടിപ്പാട്ട് തുടങ്ങി. ഇരുപത്തിയെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കാഞ്ഞങ്ങാട്ടെത്തിയ അറുപതാമത് കൗമാര കലാ മാമാങ്കത്തിന്റെ പ്രചാരകരാകാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കയാണ് മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിലെ അറുപതംഗ വാദ്യസംഘം.[www.malabarflash.com]

യു.പി.സ്കൂൾ വിദ്യാർഥികൾക്ക് വേദികളിൽ തിളങ്ങാനുള്ള അവസരമില്ല. നിരാശകൊണ്ട് മാറി നിൽക്കാനല്ല ചരിത്രമാകാൻ പോകുന്ന കലാ മാമാങ്കത്തെ കൊട്ടി അറിയിക്കാനാണ് ഇവരുടെ തീരുമാനം. നാലു തൊട്ട് ഏഴു വരെ ക്ലാസുകളിലുള്ള കുട്ടികൾ ഒരു മാസം മാത്രം നീണ്ട പരിശീലത്തിലൂടെയാണ് താളവട്ടങ്ങളുടെ വെടിക്കെട്ടുകളുതിർത്ത് ആസ്വാദകരുടെ മനം കുളിർപ്പിച്ചത്.

കേരള ക്ഷേത്ര വാദ്യ കലാ അക്കാദമി ജില്ലാ സെക്രട്ടറി കൂടിയായ തായമ്പക വിദഗ്ദ്ധൻ ഉണ്ണികൃഷ്ണൻ മടിക്കൈയുടെ നേതൃത്വത്തിൽ ഉപ്പിലിക്കൈ മണികണ്ഠ മാരാർ , മടിക്കൈ ജയകൃഷ്ണമാരാർ മടിക്കൈ, മടിക്കൈ ഹരീഷ് മാരാർ എന്നിവരാണ് പരിശീലകർ.

കരിങ്കല്ലിൽ പുളി വടി കൊണ്ട് കൊട്ടി അധ്യയനത്തിന് മുടക്കം വരുത്താതെ ദിവസവും രാവിലെ 7.30 തൊട്ട് 9 മണി വരെയായിരുന്നു ക്ലാസ്.

പഞ്ചാരിയില്‍ നാലാം കാലത്തില്‍ തുടങ്ങി മേളം അഞ്ചാം കാലത്തിലേക്ക് കടന്നപ്പോൾ തന്നെ നഗരം അക്ഷരാർഥത്തിൽ പൂരപ്പറമ്പായി . ഇടക്കലാശവും കുഴമറിയലും കഴിഞ്ഞ് കൊട്ടിക്കലാശത്തിലേക്ക് കടക്കുന്നതോടെ കാഴ്ചക്കാര്‍ കൈ ചുഴറ്റി താളം പിടിക്കുന്നു. കുട്ടികളെ മൂന്നായി തിരിച്ച് 20 പേർ വീതം വലംതലയും ഇലത്താളവും വായിച്ചു. 

ഗോപാലകൃഷ്ണൻ ഇരിയ,സുരേഷ് ബാബു പനത്തടി, വിവേക് ഉപ്പിലിക്കൈ(ഇലത്താളം ) ഗോകുൽദാസ് ഉപ്പിലിക്കൈ, ശ്രീകാന്ത് ഉപ്പിലിക്കൈ, (വലം തല ) ,സതീശൻ ഉപ്പിലിക്കൈ, മനോജ് പെരു തടി, പ്രജ്വൽ തടത്തിൽ, ആകാശ്ഞാണിക്കടവ് (കൊമ്പ്) ശ്രീരാഗ് കാഞ്ഞങ്ങാട്, നവരാഗ് വെള്ളിക്കോത്ത്, ജഹനു ഞാണിക്കടവ് (കുഴൽ) എന്നിവരാണ് പിന്നണിയിൽ.

കലോത്സവ പ്രചരണ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി.
ഇക്ബാൽ സ്കൂളിൽ തായമ്പക വിദഗ്ദ്ധൻ ചെറുതാഴം ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പബ്ലിസിറ്റി വൈസ് ചെയർമാൻ സുകുമാരൻ പൂച്ചക്കാട് അധ്യക്ഷത വഹിച്ചു.

അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ദാമോദരൻ മുഖ്യാതിഥിയായി. പ്രധാനാധ്യാപകൻ ഡോ.കൊടക്കാട് നാരായണൻ, പബ്ലിസിറ്റി കൺവീനർ ജിജി തോമസ്, കേവീസ് ബാലകൃഷ്ണൻ, എം,.വി.രാഘവൻ, അനിത ഗംഗാധരൻ , പാർവതി, കുഞ്ഞാമിന, ഹമീദ് ചെരാക്കടത്ത്, എ.ഹമീദ്‌ ഹാജി, ഖാലിദ്.സി. പാലക്കി, അൻവർ ഹസ്സൻ, നാരായണൻ മൂത്തൽ,എം. ഹമീദ് ഹാജി, എന്നിവർ പ്രസംഗിച്ചു. സമാപന ചടങ്ങ് നഗരസഭ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു. നീലേശ്വരത്ത് നഗരസഭ ചെയർമാൻ പ്രഫ.കെ.പി.ജയരാജൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് പെട്രോൾ പമ്പ് പരിസരം, മാന്തോപ്പ് മൈതാനി, നീലേശ്വരം ബസ് സ്റ്റാന്റ്, എന്നിവടങ്ങളിൽ മേളപ്പെരുമ തീർത്ത ശേഷം അതിയാമ്പൂർ പാർക്കോ ക്ലബ്ബിൽ സമാപിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.