Latest News

ശിവസേന നേതാവ്​ അരവിന്ദ്​ സാവന്ത് കേന്ദ്ര മന്ത്രിസഭയിൽ നിന്ന്​​ രാജി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ശിവസേന നേതാവ്​ അരവിന്ദ്​ സാവന്ത് കേന്ദ്ര മന്ത്രിസഭയിൽ നിന്ന്​​ രാജി പ്രഖ്യാപിച്ചു. മഹാരാഷ്​ട്രയിലെ രാഷ്​ട്രീയ സംഭവ വികാസങ്ങൾക്ക്​ തുടർച്ചയായാണ്​ രാജി.[www.malabarflash.com]

ശിവസേനയുടെ പക്ഷമാണ്​ ശരിയെന്നും ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാറിൽ തുടരേണ്ട കാര്യമില്ലെന്നും അരവിന്ദ്​ സാവന്ത്​ ട്വീറ്റ്​ ചെയ്​തു. ലോക്​സഭ തെരഞ്ഞെടുപ്പിന്​ മുമ്പ്​ തന്നെ അധികാരം സംബന്ധിച്ച്​ ബി.ജെ.പിയുമായി കരാറുണ്ടായിരുന്നു. ഈ കരാർ ലംഘിക്കുന്നത്​ മര്യാദകേടാണ്​. വാർത്താസമ്മേളനം വിളിച്ച്​ കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന്​ ബി.ജെ.പി പിൻമാറിയതിനെ തുടർന്ന് സക്കാർ രൂപീകരിക്കാൻ രണ്ടാമത്തെ വലിയ ഒറ്റകക്ഷിയായ ശിവസേനയെ ഗവർണർ ക്ഷണിച്ചിരുന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒരുമിച്ച് മ​ത്സ​രി​ച്ച ശിവസേനയുമായുള്ള സഖ്യം തകർന്നതോടെയാണ് ബി.ജെ.പിക്ക് സർക്കാർ രൂപീകരണത്തിൽനിന്ന് പിന്മാറേണ്ടി വന്നത്.

എൻ.സി.പിയുടേയും കോൺഗ്രസിൻറയും പിന്തുണയോടെ സർക്കാർ രൂപീകരിക്കാമെന്ന ചിന്തയിലാണ്​ ശിവസേന. എൻ.ഡി.എ മുന്നണി വിടാതെ മഹാരാഷ്​ട്രയിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ശിവസേനയുമായി​ ചർച്ചക്കില്ലെന്നും ശിവസേന മന്ത്രി കേന്ദ്രമന്ത്രിസഭയിൽ നിന്ന്​ രാജി വെക്കണമെന്നും​ എൻ.സി.പി അധ്യക്ഷൻ ശരത്​ പവാർ വ്യക്തമാക്കിയിരുന്നു.

50:50 എന്ന നിലയിൽ സർക്കാറിൽ പ്രാതിനിധ്യം വേണമെന്ന ശിവസേനയുടെ ആവശ്യം നിരാകരിച്ചതോടെയാണ്​ മഹാരാഷ്​ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം പരാജയപ്പെടുന്നത്​. ശിവസേനയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനു​ പിന്നാലെ, കാവൽ സർക്കാറിന്‍റെ കാലാവധി അവസാനിക്കാനിരിക്കെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്​നാവിസ്​ രാജിവെച്ചിരുന്നു.

നിലവിൽ ഉയർന്നുവന്ന രാഷ്​ട്രീയ സംഭവ വികാസങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസും ബി.ജെ.പിയും യോഗം ചേരും. രാവിലെ 10ന്​ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ ചേരുന്ന​ പ്രവർത്തക സമിതി യോഗത്തിൽ മഹാരാഷ്​ട്രയിൽ സ്വീകരിക്കേണ്ട നിലപാട്​ സംബന്ധിച്ച്​ ചർച്ച നടക്കും. ശിവസേനക്ക്​ പിന്തുണ പ്രഖ്യാപിച്ച്​ സംസ്ഥാന സർക്കാറിൻെറ ഭാഗമാവണോ എന്ന കാര്യത്തിൽ യോഗം തീരുമാനം കൈ​ക്കൊണ്ടേക്കും.​

മഹാരാഷ്​ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേശീയ അധ്യക്ഷൻ ശരത്​ പവാറിൻെറ നേതൃത്വത്തിൽ എൻ.സി.പി കോർ കമ്മറ്റി യോഗം മുംബൈയിൽ ചേരും. പ്രഫുൽ പ​ട്ടേൽ, സുപ്രിയ സുലേ, അജിത്​ പവാർ, ജയന്ത്​ പാട്ടീൽ തുടങ്ങി മുതിർന്ന നേതാക്കൾ യോഗത്തിൽ പ​ങ്കെടുക്കും.

ഇന്ന്​ ചേരുന്ന ബി.ജെ.പി കോർ കമ്മറ്റി യോഗത്തിൽ ശിവസേനയുടെ പുതിയ നീക്കം സംബന്ധിച്ച്​ ചർച്ച നടക്കും. മുംബൈയിൽ ദേവേന്ദ്ര ഫട്​നാവിസിൻെറ വസതിയിലാണ്​ യോഗം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.