Latest News

ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

വയനാട്: ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. സുൽത്താൻ ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്റെയും അഡ്വ. സജ്ന ആയിഷയുടെയും മകൾ ഷഹ് ല ഷെറിനാ(9)ണ് മരിച്ചത്.[www.malabarflash.com]

സംഭവത്തെ കുറിച്ച് സ്കൂൾ അധികൃതർ പറയുന്നത് ഇങ്ങനെയാണ്. ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ക്ലാസ് റൂമിലെ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും കാലിൽ മുറിവുപറ്റുകയുമായിരുന്നു. മുറിവിൽ നിന്നും രക്തം എടുത്തതോടെ മറ്റു കുട്ടികൾ അധ്യാപകരോട് വിവരം അറിയിച്ചു. വിദ്യാർത്ഥിനിയുടെ കാൽ പരിശോധിച്ചപ്പോൾ പാമ്പ് കടിയേറ്റതു പോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ സ്കൂൾ അധികൃതർ വിവരം അറിയിച്ചു. പിതാവ് എത്തിയതിനു ശേഷം സ്കൂൾ അധികൃതരും ചേർന്ന് ആദ്യം സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പിന്നീട് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ച് വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നു. പാമ്പ് കടിയേറ്റാണ് മരണമെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. 

സഹോദരങ്ങൾ: അമീഗ ജബീൻ, ആഹിൽ ഇഹ്സാൻ. മയ്യിത്ത് നിസ്കാരം വ്യാഴാഴ്ച 12.30ന് പുത്തൻകുന്ന് ജുമാ മസ്ജിദിൽ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.