Latest News

ഉത്തര മലബാറിൽ ആസ്ട്രോ ടൂറിസം പദ്ധതിയുമായി ബിആർഡിസി

കാസര്‍കോട്: വലയ സൂര്യഗ്രഹണത്തെ വരവേൽക്കാൻ വടക്കൻ കേരളം ഒരുങ്ങുമ്പോൾ ദീർഘകാല ലക്ഷ്യങ്ങളോടെ ആസ്ടോ ടൂറിസം പദ്ധതികളുമായി ബിആർഡിസി. [www.malabarflash.com]

ഡിസംബർ 26ന് നടക്കുന്ന അപൂർവ്വമായ സൂര്യഗ്രഹണം പൂർണ്ണതയോടെ കാണാൻ വിദേശികളും സ്വദേശികളുമടക്കം നിരവധി പേരാണ് ഉത്തര മലബാറിലെത്തുന്നത്. ഇതിന് തുടർച്ചയായി വാനനിരീക്ഷണത്തിലും ജ്യോതിശാസ്ത്രത്തിലും താൽപ്പര്യമുള്ള ടൂറിസ്റ്റുകളെ ഉത്തര മലബാറിലേക്ക് ആകർഷിക്കുന്നതിന് വിവിധ കാലയളവിലേക്കുളള പാക്കേജുകൾ വികസിപ്പിക്കാനും പ്രചരിപ്പിക്കാനുമാണ് ബിആർഡിസി നടപടികൾ തുടങ്ങിയിരിക്കുന്നത്.

വിവിധ സ്മൈൽ സംരംഭങ്ങൾ വഴിയാണ്, പ്രശസ്ത ജ്യോതിശാസ്ത്ര സംഘടനയായ അസ്ട്രോ (അസ്ട്രോനൊമക്കൽ സ്റ്റഡീസ്, ട്രെയിനിംഗ് ആന്റ് റിസേർച്ച് ഓർഗനൈസേഷൻ) യുടെ സാങ്കേതിക സഹകരണത്തോടെ ഇന്ത്യയിൽ ആദ്യമായുള്ള ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ഭൂമിയിലെ കാഴ്ചകളോടൊപ്പം അതി മനോഹരങ്ങളായ ആകാശത്തെ ആകർഷകങ്ങളും സ്മൈൽ സംരംഭകർ വിനോദ സഞ്ചാരികളിലെത്തിക്കും.

വൻ നഗരങ്ങളെ അപേക്ഷിച്ച് വെളിച്ച മലിനീകരണം (light pollution) ഇല്ലാത്തതും ഭൂമധ്യരേഖക്ക് അടുത്ത് സ്ഥിതി ചെയ്യുന്നു എന്നതും ഉത്തര മലബാർ പ്രദേശങ്ങൾക്ക് അസ്ട്രോ ടൂറിസത്തിന് അനുകൂലമായ ഘടകങ്ങളാണ്. വെളിച്ച മലിനീകരണം ഇല്ലാത്ത ആകാശം അസ്ട്രോ ടൂറിസ്റ്റുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

ഹോംസ്റ്റേകളിലെ ടെറസുകളിലും ടെന്റുകളിലും നക്ഷത്രങ്ങൾ കണ്ടുണരാനും ബീച്ചുകളിലും കായലുകളിലുമൊക്കെ ആകാശ നിരീക്ഷണ രാത്രി യാത്രകളുമൊക്കെ വിഭാവനം ചെയ്യുന്നുണ്ട്. ആകാശം, നക്ഷത്രങ്ങൾ, നക്ഷത്രരാശികൾ, നീഹാരിക (നെബുല)കൾ, സൂര്യൻ, ചന്ദ്രൻ, ഗ്രഹണം, ഡാർക്ക് സ്കൈ മുതലായ കാര്യങ്ങളെ കുറിച്ച് കഥാ രൂപേണ (story - telling) ടൂറിസ്റ്റുകൾക്ക് വിവരണങ്ങൾ നൽകാനും പാക്കേജുകൾ വികസിപ്പിക്കാനും സ്മൈൽ സംരംഭകർക്കുള്ള പരിശീലനങ്ങൾക്ക് പയ്യന്നൂരിൽ തുടക്കം കുറിച്ചു. 

ജ്യോതിശാസ്ത്ര രംഗത്തെ വിദഗ്ധരായ ഗംഗാധരൻ വെള്ളൂർ, കെ.ടി.എൻ ഭാസ്കരൻ, കെ.പി.രവീന്ദ്രൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ജനുവരിയിൽ വാനനിരീക്ഷണ കേന്ദ്രത്തിൽ തുടർ പരിശീലനം നൽകും. തുടർന്ന് പാക്കേജുകൾ രൂപപ്പെടുത്തും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.