Latest News

മംഗളൂരുവില്‍ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു; ലഖ്‌നൗവില്‍ ഒരു മരണം

മംഗളൂരു/ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ രാജ്യത്ത് മൂന്നുമരണം. മംഗളൂരുവില്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേരും ലഖ്‌നൗവിലെ സംഘര്‍ഷത്തില്‍ ഒരാളുമാണ് കൊല്ലപ്പെട്ടത്.[www.malabarflash.com]

ജലീല്‍, നൗസീന്‍ എന്നിവരാണ് മംഗളൂരുവിലെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പരിക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണെന്ന് മാത്രമായിരുന്നു പോലീസ് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ രാത്രിയോടെ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി അവര്‍തന്നെ സ്ഥിരീകരിച്ചു. സംഘര്‍ഷത്തില്‍ 20 പോലീസുകാര്‍ക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു.

മംഗളൂരുവിലെ അഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ വെള്ളിയാഴ്ച അര്‍ധരാത്രി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു. മംഗളൂരു നഗരത്തിലെ എല്ലാ കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയും നല്‍കി.

വ്യാഴാഴ്ച ഉച്ചയോടെയാണ് മംഗളൂരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. നിരോധനാജ്ഞ മറികടന്ന് പ്രതിഷേധക്കാര്‍ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയായിരുന്നു.

അതിനിടെ, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ലഖ്‌നൗവില്‍ ഒരാള്‍ മരിച്ചു. പോലീസ് നടത്തിയ വെടിവെപ്പിലാണ് ഇയാള്‍ മരിച്ചതെന്നാണ് ആരോപണം. എന്നാല്‍ വെടിവെപ്പ് നടത്തിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സംഘര്‍ഷത്തിനിടെ നാലുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ലഖ്‌നൗവില്‍ ഉച്ചയോടെയാണ് പ്രതിഷേധം ശക്തിപ്രാപിച്ചത്. ഇതോടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് വാന്‍, ഒ ബി വാന്‍ എന്നിവയുള്‍പ്പടെ നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തിയ പോലീസ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു.

എന്നാല്‍ ലഖ്‌നൗവില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലായതായി പോലീസ് മേധാവി ഒ.പി.സിങ് അറിയിച്ചു. പ്രതിഷേധക്കാര്‍ കൂടിച്ചേരുമെന്ന് അറിയിച്ച ഇടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. 55 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ഒ.ബി വാനുകള്‍ ഉള്‍പ്പടെ അഗ്നിക്കിരയാക്കി. ഞങ്ങള്‍ അവരെ പിന്തുടര്‍ന്ന് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണ്- അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.