Latest News

നടന്‍ കലാഭവന്‍ മണിയുടെ മരണം കരള്‍രോഗം മൂലമെന്ന് സിബിഐ

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണകാരണം കരള്‍രോഗമൂലമാണെന്ന് സിബിഐ. മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ചൂണ്ടിക്കാട്ടി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.[www.malabarflash.com]

മണിയുടെ മരണത്തില്‍ സംശയമുണ്ടെന്നും പോലിസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്നും കുറ്റപ്പെടുത്തി സഹോദരന്‍ രാമകൃഷ്ണന്‍, മണിയുടെ ഭാര്യ നിമ്മി എന്നിവര്‍ നല്‍കിയ ഹരജി പരിഗണിച്ച് ഹൈക്കോടതിയാണ് സിബിഐ. അന്വേഷണത്തിന് ഉത്തരവിട്ടത്.

മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥേല്‍ ആല്‍ക്കഹോളിന്റെ അംശം അപകടകരമായി അളവിലല്ലെന്നും റിപോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു.35 പേജുള്ള റിപോര്‍ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാലാണ് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. മണിയുടെ അമിത മദ്യപാനം മൂലമാണ് രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കലരാന്‍ ഇടയായതെന്നാണ് സിബിഐ. റിപോര്‍ട്ടില്‍ പറയുന്നത്. 

മദ്യപാനിയായ ഒരു വ്യക്തിയുടെ ശരീരത്തില്‍ ആറു മില്ലി ഗ്രാം വരെ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടേക്കാം. മണിയുടെ ശരീരത്തില്‍ നാലു മില്ലി ഗ്രാം മീഥൈല്‍ ആല്‍ക്കഹോളാണ് കണ്ടെത്തിയത്. അതുകൊണ്ടു തന്നെ ഇതു മരണകാരണമാകില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അവസാനകാലങ്ങളില്‍ ബിയറാണ് മണി കൂടുതല്‍ ഉപയോഗിച്ചിരുന്നത്. ആ സമയത്ത് 15 കുപ്പി ബിയര്‍ വരെ കഴിച്ചിരുന്ന മണിയുടെ കരളിന്റെ അവസ്ഥ അതീവ ദുര്‍ബലമായിരുന്നു. ബിയറില്‍ കുറഞ്ഞ അളവിലാണ് മീഥൈല്‍ ആല്‍ക്കഹോളുള്ളത്. എന്നാല്‍ മണിയുടെ കരള്‍ വളരെ ദുര്‍ബലമായതിനാല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം രക്തത്തില്‍ നിന്ന് പുറന്തള്ളാതെ കിടക്കുകയായിരുന്നെന്നും സിബിഐയുടെ റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

മണിയുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ സിനിമാ സുഹൃത്തുക്കള്‍ അടക്കം ആറു പേരെ സിബിഐ. നുണപരിശോധനക്കു വിധേയരാക്കിയിരുന്നു. 

2016 മാര്‍ച്ച് അഞ്ചിനാണ് വീടിനു സമീപത്തെ അതിഥിമന്ദിരമായ 'പാഡി'യില്‍ കലാഭവന്‍ മണിയെ രക്തം ഛര്‍ദ്ദിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്നു വൈകീട്ട് മരിക്കുകയായിരുന്നു. 

വിദഗ്ധ മെഡിക്കല്‍ സംഘമുള്‍പ്പെടെയുള്ളവരില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമാണ് രണ്ടു വര്‍ഷം നീണ്ടു നിന്ന അന്വേഷണത്തിനൊടുവില്‍ അമിത മദ്യപാനം മൂലമാണ് കലാഭവന്‍ മണിയുടെ മരണമെന്ന് നിഗമനത്തില്‍ സിബിഐ എത്തിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.