Latest News

ഡൽഹിയെ വിറപ്പിച്ച മലപ്പുറത്തിന്‍റെ പോരാട്ട വീര്യം

മലപ്പുറം: ലാത്തിയുമായി വരുന്ന പോലീസുകാരുടെ മുഖത്തേക്ക് ഒരു കൂസലുമില്ലാതെ വിരൽചൂണ്ടി പ്രതിഷേധം തീർത്ത് പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ആയിശ റെന്ന പ്രകടിപ്പിച്ചത് മലപ്പുറത്തിന്റെ പോരാട്ട വീര്യം.[www.malabarflash.com] 

രണ്ടാം വർഷ എം.എ ഹിസ്റ്ററി ബിരുദ വിദ്യാർഥിനിയായ റെന്ന കൊണ്ടോട്ടി കാളോത്ത് സ്വദേശിയും ഒഴുകൂർ ജി.എം.യു.പി സ്കൂൾ അധ്യാപകനുമായ എൻ.എം. അബ്ദുറഷീദിന്റെയും വാഴക്കാട് ചെറുവട്ടൂർ സ്കൂളിലെ അധ്യാപിക ഖമറുന്നിസയുടെയും ഏക മകളാണ്.

ഡൽഹി ജാമിഅ മില്ലിയ്യ സർവകലാശാലയുടെ സമരാവേശം ഊതി കത്തിക്കുന്നതിൽ റെന്നയും കണ്ണൂരിൽ നിന്നുള്ള ബി.എ അറബിക് ഒന്നാം വർഷ വിദ്യാർഥിനി ലദീദയും യു.പിക്കാരി ചന്ദ യാദവുമാണ് നേതൃപരമായ പങ്കുവഹിച്ചത്.

സമരം തുടങ്ങുേമ്പാൾ നാലു പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. എല്ലാ ഹോസ്റ്റലുകളിലും പോയി വിദ്യാർഥികളെ സംഘടിപ്പിക്കുകയാണ് അവർ ആദ്യം ചെയ്തത്. മണിക്കൂറിനുള്ളിൽ ആയിരത്തിലധികം പേർ ‘നീൽ സലാം, അസ്സലാം, ഇൻതിഫാദ, ഇൻക്വിലാബ്’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി സമരത്തിൽ അണിചേർന്നു.

സമരത്തിന് നേതൃത്വം വഹിച്ചുവെന്ന കാരണത്താലാണ് മകളെ പോലീസ് നോട്ടമിട്ടതെന്ന് റഷീദ് പറഞ്ഞു. മുസ്ലിംകളുടെ അന്തസ് കാത്തു സൂക്ഷിക്കാനുള്ള പോരാട്ടത്തി​​​​ന്റെ ഭാഗമായതിനാൽ ഒന്നിനെയും മകൾക്ക് ഭയമില്ല. ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോഴാണ് എന്നാണ് അവൾ ചോദിക്കുന്നത്‌.

ഞായറാഴ്ച പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോൾ നാട്ടിലേക്ക് മടക്കി അയക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആവശ്യപ്പെട്ടെങ്കിലും അവൾ വഴങ്ങിയില്ല. സമരത്തി​​​​ന്റെ പാതിവഴിയിൽ സുഹൃത്തുക്കളെ ഇട്ടേച്ച് പോരാനാവില്ലെന്നായിരുന്നു ഉറച്ച  നിലപാട്.

രാത്രി ഹോളിെഫയ്ത്ത് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും പിന്നീട് ഓഖ്ലയിലെ അൽശിഫ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ സുരക്ഷിതയാണ്. വാട്സ്ആപിലും സമൂഹ മാധ്യമങ്ങളിലും ഫോട്ടോ ഇട്ട് ആഘോഷിക്കാനല്ല സമരം ചെയ്തതെന്നാണ് മകൾ പറഞ്ഞത്. സഹപാഠികൾക്കൊപ്പം സമരപാതയിൽ ഉറച്ചു നിൽക്കാൻ തന്നെയാണ് റെന്നയുടെ തീരുമാനം.

ഐ.എ.എസ് സ്വപ്നം കണ്ട് ഡൽഹിയിലെത്തിയ മകളുടെ സമരാവേശത്തിന് കുടുംബം മുഴുവനും കൂടെയുണ്ട്.

െകാണ്ടോട്ടി മർകസുൽ ഉലൂം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായ റെന്ന മലപ്പുറം സെന്റ്‌ ജെമ്മാസിലെ പ്ലസ്ടു പഠനത്തിന് ശേഷം ഫാറൂഖ് കോളജിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്താണ് ഡൽഹിയിലെത്തിയത്.

ഏക സഹോദരൻ മുഹമ്മദ് ശഹിൻ ഡൽഹിയിൽ സ്വന്തമായി കച്ചവടം നടത്തുന്നു. ഭർത്താവ് സി.എ. അഫ്സൽ റഹ്മാൻ ഡൽഹിയിൽ മാധ്യമപ്രവർത്തകനാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.