ബെംഗളൂരു: ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കൈയോടെ പിടികൂടാന്‍ യാത്രക്കാരായെത്തി ബെംഗളൂരു പോലീസ് വകുപ്പ് ചൊവ്വാഴ്ച ഈടാക്കിയത് എട്ട് ലക്ഷത്തിലധികം രൂപ(8,06,200 രൂപ) .[www.malabarflash.com]
നഗരത്തിലെ ഓട്ടോറിക്ഷാഡ്രൈവര്‍മാരില്‍ നിന്നാണ് പിഴയിനത്തില്‍ ഇത്രയും തുക ട്രാഫിക് പോലീസ് ഈടാക്കിയത്. സവാരി പോകാന്‍ വിസമ്മതിക്കുകയും അധിക യാത്രാക്കൂലി വാങ്ങുകയും ചെയ്ത 5,200 ഡ്രൈവര്‍മാര്‍ക്കാണ് പിഴ ചുമത്തിയത്.
രാവിലെ പതിനൊന്ന് മണിക്കാരംഭിച്ച പരിശോധന വൈകീട്ടാണ് അവസാനിച്ചത്. 250 ഓളം പോലീസുദ്യോഗസ്ഥര്‍ വിവിധയിടങ്ങളില്‍ മഫ്തിയിലെത്തിയാണ് മിന്നല്‍ പരിശോധനയില്‍ പങ്കെടുത്തത്.
പോലീസുദ്യോഗസ്ഥര്‍ സമീപിച്ചവരില്‍ 1,575 പേര്‍ ആവശ്യപ്പെട്ടയിടത്തേക്ക് സവാരി പോകാന്‍ വിസമ്മതിച്ചു. 1,346 പേര്‍ മീറ്ററിലേക്കാള്‍ അധിക യാത്രക്കൂലി ആവശ്യപ്പെട്ടു. ഇവരെ കൂടാതെ ലൈസന്‍സില്ലാതെ വാഹനമോടിച്ചവര്‍, യൂണിഫോമണിയാത്തവര്‍, വാഹനത്തിന്റെ അവശ്യരേഖകള്‍ സൂക്ഷിക്കാത്തവര്‍ എന്നിവര്‍ക്കെതിരെയും കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയതെന്ന് ജോയിന്റ് കമ്മിഷണര്‍(ട്രാഫിക്)ബിആര്‍ രവികണ്ഠഗൗഡ പറഞ്ഞു. മൂന്ന് ട്രാഫിക് ഡിവിഷനുകളിലായി പ്രധാന ജങ്ഷനുകളില്‍ വനിതാ ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ വിന്യസിക്കുകയായിരുന്നു. ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ കുറിച്ചും നിരവധി പരാതികള്‍ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
No comments:
Post a Comment