Latest News

സ്ഥാപകദിനത്തിൽ കെപിസിസി ആസ്ഥാനത്ത്‌ പതാക ഉയർത്താനായില്ല "പതാക കെട്ടാൻ അറിയില്ലേൽ, അറിയുന്നോരെ ഏൽപിക്കണം", ഉണ്ണിത്താന്‍റെ ശകാരം

തിരുവനന്തപുരം: കോൺഗ്രസിന്‍റെ 135-ാം സ്ഥാപകദിനത്തിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതാക ഉയർത്തുന്നതിനിടെ ഉണ്ടായത് നാടകീയ രംഗങ്ങൾ. പതാക ഉയർത്താൻ ശ്രമിച്ചപ്പോൾ, കെട്ടിയ പതാക നിവർന്നില്ല. പകരം ശരിക്ക് കെട്ടാത്തതിനാൽ ഊർന്ന് താഴെ വീണു.[www.malabarflash.com]

അതൃപ്തിയോടെ രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കൾ തന്നെ ഇടപെട്ട് പതാക കെട്ടാൻ ശ്രമിക്കുന്നതിനിടെ സേവാദൾ പ്രവർത്തകരെത്തിയാണ് പതാക ശരിയാക്കിയത്. 

ഇത് ചിത്രീകരിക്കാൻ ശ്രമിച്ച ചാനലുകാർക്കുനേരെ തിരിഞ്ഞു. ക്യാമറ പിടിച്ചുപറിക്കാനും തടയാൻ ശ്രമിച്ച സേവാദൾ പ്രവർത്തകരെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ചീത്ത വിളിക്കുകയും ചെയ്തു.

''പതാക നിവരാത്തത് മാധ്യമപ്രവർത്തകരുടെ കുറ്റമാണോടോ? പതാക കെട്ടാൻ അറിയില്ലേൽ അത് അറിയാവുന്നവരെ ഏൽപിക്കണം. നേതാക്കളാണെന്ന് പറഞ്ഞ് നടന്നാപ്പോരാ, പതാകയെങ്കിലും കെട്ടാനുള്ള പരിശീലനം വേണം'', എന്ന് ഉണ്ണിത്താൻ.

പകുതിയ്ക്ക് വച്ച് കെട്ടിയിട്ട പതാക നോക്കി ചിലർ ''ഇതിങ്ങനെ താഴെ കെട്ടിയിടാതെ, പകുതിയ്ക്ക് വച്ച് ഉയർത്തി നിർത്താൻ ഇവിടാരും മരിച്ചിട്ടൊന്നുമില്ലല്ലോ'', എന്ന് പറയുന്നതും കേൾക്കാമായിരുന്നു.

പതാക നിവരാതിരുന്നപ്പോൾത്തന്നെ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളിയുടെയും ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും മുഖത്ത് അതൃപ്തിയും രോഷവും പ്രകടമായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.