Latest News

ഉന്നാവ് ബലാല്‍സംഗക്കേസ്: ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാറിന് ജീവപര്യന്തം; ഇരയ്ക്ക് 25 ലക്ഷം രൂപ നല്‍കണം

ന്യൂഡല്‍ഹി: പ്രമാദമായ ഉന്നാവ് ബലാല്‍സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന് ജീവപര്യന്തം തടവിന് ശിക്ഷിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി. ഇരയ്ക്ക് സെന്‍ഗാര്‍ 25 ലക്ഷംരൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.[www.malabarflash.com]

ഉന്നാവോ ബലാത്സംഗ കേസില്‍ കുല്‍ദീപ് സേംഗര്‍ കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. സെന്‍ഗാറിനെതിരേ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞതായി വിധി പ്രസ്താവിച്ച ഡല്‍ഹിയിലെ തീസ് ഹസാരി പ്രത്യേക കോടതി ജഡ്ജി ധര്‍മേന്ദ്ര കുമാര്‍ വ്യക്തമാക്കി. 

കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് ശ്രമം ഉണ്ടായതായും ജഡ്ജി ചൂണ്ടിക്കാട്ടി. സുപ്രിം കോടതി നിര്‍ദേശപ്രകാരമാണ് ഉന്നാവോയില്‍നിന്ന് ഡല്‍ഹിയിലെ അതിവേഗ കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റിയത്. 

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കുല്‍ദീപ് സെന്‍ഗാറിനെതിരേ കേസ്. ഇതില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ പിന്നീട് പോലീസ് കസ്റ്റഡിയില്‍വെച്ച് കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സംഭവം ദേശീയതലത്തില്‍ വാര്‍ത്തയാകുകയും വലിയ വിവാദത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. 

കേസ് നടന്നുകൊണ്ടിരിക്കെ 2019 ജൂലായില്‍ യുവതിയും കുടുംബാംഗങ്ങളും സഞ്ചരിച്ച കാറില്‍ ട്രക്ക് ഇടിച്ച് ബന്ധുക്കളായ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി ഏറെ നാള്‍ ചികില്‍സയിലായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.