Latest News

യുദ്ധക്കളമായി ജാമിഅ; നിരവധി വാഹനങ്ങൾ കത്തിച്ചു; ക്യാമ്പസിൽ പോലീസ് നരനായാട്ട്

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ആയിരങ്ങൾ അണിനിരന്നപ്പോൾ യുദ്ധക്കളമായി ഡൽഹി ജാമിഅ മില്ലിയ യൂനിവേഴ്സിറ്റി.[www.malabarflash.com]

വിദ്യാർഥികളും നാട്ടുകാരും ജാമിഅ നഗറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ വൻ സംഘർഷമുണ്ടായി. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. ക്യാമ്പസിനുള്ളിൽ കടന്ന പോലീസ് കണ്ണീർവാതക ഷെൽ പ്രയോഗിച്ചു. അതേസമയം വിദ്യാർഥികളല്ല അക്രമം നടത്തിയതെന്ന് ജാമിഅ വിദ്യാർഥി യൂനിയനും ജാമിഅ സർവകലാശാല അധികൃതരും വ്യക്തമാക്കി. ക്യാമ്പസ് പോലീസിന്‍റെ നിയന്ത്രണത്തിലാണിപ്പോൾ.

ഞായറാഴ്ച വൈകുന്നേരം സർവകലാശാലയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് ജന്തർ മന്തറിൽ അവസാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജാമിഅ യൂണിവേഴ്‌സിറ്റിക്ക് സമീപമുള്ള കാളിന്ദി കുഞ്ച് റോഡിലാണ് പ്രതിഷേധം നടന്നത്. മൂന്ന് ബസുകൾക്ക് പ്രതിഷേധക്കാർ തീയിട്ടതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

പോലീസ് അതിക്രമത്തിൽ പരിക്കേറ്റ വിദ്യാർഥികളിൽ പലരുടെയും പരിക്ക് ഗുരുതരമാണ്. ബി.ബി.സി ചാനൽ റിപ്പോർട്ടറെ പോലീസ് മർദിച്ചതായി ആരോപണമുണ്ട്. പോലീസ് ക്യാമ്പസിലെ ലൈബ്രറിയിലേക്കും കണ്ണീർവാതകം എറിഞ്ഞു. കാമ്പസിൽ കടന്ന പോലീസ് നിരവധി വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. പോലീസ് ബലമായി കാമ്പസിൽ പ്രവേശിച്ച് വിദ്യാർത്ഥികളെ ആക്രമിച്ചതായി സർവകലാശാല പ്രതികരിച്ചു.

പ്രതിഷേധത്തെ അപകീർത്തിപ്പെടുത്താനും അവഹേളിക്കാനുമുള്ള ശ്രമമാണ് അക്രമത്തിലൂടെ നടന്നതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളോട് സമാധാനം കാത്തുസൂക്ഷിച്ച് കാമ്പസിലേക്ക് മടങ്ങണമെന്ന് ജാമിഅ വൈസ് ചാൻസലർ നജ്മ അക്തർ അഭ്യർത്ഥിച്ചു.

സർവകലാശാല സ്ഥിതിചെയ്യുന്ന മജന്ത ലൈനിലെ മെട്രോ പ്രവർത്തനത്തെ പ്രതിഷേധം ബാധിച്ചു. ഇവിടത്തെ അഞ്ച് സ്റ്റേഷനുകളുടെ ഗേറ്റുകൾ അടച്ചു. അക്രമത്തെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അപലപിച്ചു. പൗരത്വ നിയമം പാസാക്കിയതുമുതൽ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അക്രമങ്ങൾ തുടരുകയാണ്.

മഥുര റോഡിൽ പ്രതിഷേധക്കാർ സമാധാനപരമായി ഇരിക്കുകയായിരുന്നുവെന്നും പോലീസുകാർ ആണ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതെന്നും എൻ.എസ്.യു ദേശീയ സെക്രട്ടറി സൈമൺ ഫാറൂഖി വ്യക്തമാക്കി. ഇതിന് പിന്നാലെ പോലീസ് പ്രതിഷേധക്കാർക്ക് നേരെ ലാത്തിചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്യുകയായിരുന്നു.

ഓഖ്‌ല അണ്ടർപാസ് മുതൽ സരിത വിഹാർ വരെയുള്ള വാഹനഗതാഗതം അടച്ചതായി ഡൽഹി ട്രാഫിക് പോലീസ് ട്വീറ്റ് ചെയ്തു. ന്യൂ ഫ്രണ്ട്സ് കോളനിയുടെ എതിർവശത്തുള്ള മഥുര റോഡ് പ്രകടനക്കാർ തടഞ്ഞിട്ടുണ്ട്. പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചതിനെതുടർന്ന് ബദർപൂർ, ആശ്രമ ചൗക്ക് എന്നിവിടങ്ങളിൽ നിന്നുള്ള ഗതാഗതം ബദൽ റൂട്ടുകളിലേക്ക് തിരിച്ചുവിട്ടു.

വെള്ളിയാഴ്ച പാർലമെന്‍റിലേക്ക് മാർച്ച് നടത്താൻ പ്രതിഷേധക്കാർ തീരുമാനിച്ചിരുന്നു. ഇത് തടഞ്ഞ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതോടെ പ്രദേശം യുദ്ധക്കളമായി മാറിയിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.