Latest News

ഉന്നാവോ ബലാത്സംഗക്കേസ്; പ്രതികള്‍ തീകൊളുത്തിയ പെൺകുട്ടി മരിച്ചു

ന്യൂഡൽഹി: ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് സഫ്ദർജങ് ആശുപത്രി വക്താവ് അറിയിച്ചു.[www.malabarflash.com]

11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ.ശലഭ് കുമാർ അറിയിച്ചു. ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു.

പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു.

നേരത്തെ, ബിജെപി എംഎൽഎയ്ക്കെതിരെ പീഡന പരാതി ഉന്നയിച്ച യുപിയിലെ ഉന്നാവ് പെൺകുട്ടി നേരിട്ട അതേ സാഹചര്യങ്ങളിലൂടെയാണ് ഉന്നാവിൽനിന്നുള്ള ഈ പെൺകുട്ടിയും കടന്നുപോയത്. അബോധാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച പെൺകുട്ടി വെന്റിലേറ്ററിലായിരുന്നു. പ്രത്യേക ഐസിയു യൂണിറ്റ് സജ്ജമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് സഫ്ദർജങ് മെഡിക്കൽ സൂപ്രണ്ട് ഡോ. സുനിൽ ഗുപ്തയും അറിയിച്ചു.

വിവാഹ വാഗ്ദാനം നൽകിയ ആൾ കൂട്ടുകാരനുമൊത്തു തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതി നൽകിയ പെൺകുട്ടിയെയാണ് പ്രതികളടക്കം അഞ്ചു പേർ ചേർന്നു തീ കൊളുത്തി പരുക്കേൽപ്പിച്ചത്.

ഉന്നാവ് ഗ്രാമത്തിൽ നിന്നു റായ്ബറേലിയിലെ കോടതിയിലേക്കു പോകാൻ തുടങ്ങവേ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. അതീവ ഗുരുതരവസ്ഥയിലായ പെൺകുട്ടിയെ ലക്നൗവിലെ ആശുപത്രിയിൽ നിന്നു വിദഗ്ധ ചികിൽസയ്ക്കായി ഡൽഹിയിലേക്കു മാറ്റുകയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.