Latest News

നേപ്പാളിലെ ടൂറിസ്റ്റ് ഹോമിൽ 8 മലയാളികൾ മരിച്ച നിലയിൽ

നേപ്പാൾ: നേപ്പാളിലെ ദമാനിൽ എട്ടു മലയാളികൾ ഒരു ടൂറിസ്റ്റ് ഹോമിൽ മരിച്ച നിലയിൽ. അടച്ചിട്ട മുറിക്കുള്ളിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. 19 പേരടങ്ങിയ സംഘത്തിൽപ്പെട്ടവരാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ രണ്ടു ദമ്പതികളും കുട്ടികളുമാണ് മരിച്ചത്.[www.malabarflash.com]

തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരം.

ഇവർ ശ്വാസംമുട്ടി മരിച്ചെന്നാണ് നിഗമനം. കടുത്ത തണുപ്പിനെ തുടർന്ന് മുറികൾ അടച്ച് ഇവർ ഹീറ്റർ പ്രവർത്തിപ്പിച്ചതായി അറിയുന്നു. നേപ്പാളിലെ മക്‌വൻപുർ ജില്ലയിലെ താഹ മുനിസിപ്പാലിറ്റിയിലെ ദമാനിലുള്ള എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് മലയാളി സംഘം ഈ റിസോർട്ടിൽ എത്തി മുറിയെടുത്തത്. കടുത്ത തണുപ്പു കാരണം മൂന്നു മുറികളിൽ ഹീറ്റർ ഓൺ ചെയ്താണ് ഇവർ വിശ്രമിച്ചത്. രാവിലെയായിട്ടും മുറി തുറക്കാത്തതിനെത്തുടർന്ന് ഹോട്ടൽ അധികൃതർ ഡുപ്ലിക്കേറ്റ് കീ ഉപയോഗിച്ച് തുറന്നപ്പോഴാണ് യാത്രികരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ഇവരെ എച്ച്എഎംഎസ് ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം എത്തിച്ചെങ്കിലും എട്ടു പേരുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് വാർത്താ എജൻസികൾ സ്ഥിരീകരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.