Latest News

അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു

മഞ്ചേശ്വരം: അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. മിയാപദവ് ചിഗിർപദവ് ചന്ദ്രകൃപയിലെ എ.ചന്ദ്രശേഖരന്റെ ഭാര്യ ബി.കെ.രൂപശ്രീയെയാണ് (44) മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

ദിവസങ്ങളായി അമ്മ ആകെ ഭയത്തിലായിരുന്നുവെന്നും എന്തെങ്കിലും തനിക്ക് സംഭവിച്ചാല്‍ സഹപ്രവര്‍ത്തകനായ അധ്യാപകനായിരിക്കും ഉത്തരവാദിയെന്നും അമ്മ സൂചിപ്പിച്ചിരുന്നതായി മകന്‍ കൃതിക് പറഞ്ഞു.

ആരോപണവിധേയനായ അധ്യാപകനിൽനിന്ന് കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകള്‍ ലഭിച്ചില്ലെന്നാണ് പോലീസ് ഭാഷ്യം.

മഞ്ചേശ്വരം മിയാപദവ് സ്കൂളിലെ അധ്യാപികയായ രൂപശ്രീയെ ഈ മാസം പതിനാറിനാണ് കാണാതായത്. രൂപശ്രീയെ ഒരാൾ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായി ഭർത്താവ് പരാതി നൽകിയിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്തു. രൂപശ്രീയുടെ ഫോണിലേക്ക് അവസാനമായി വിളിച്ചത് ആരോപണവിധേയനായ വ്യക്തിയാണ് എന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

രൂപശ്രീയെ കാണാതായ 16നും ഇയാളെ പോലീസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും വിട്ടയയ്ക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി സ്കൂളിലെ സഹപ്രവർത്തകരെയും മറ്റുള്ളവരെയും ചോദ്യം ചെയ്തു.
രൂപശ്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിനിടയിലാണ് കുമ്പള കടപ്പുറത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

എന്നാല്‍ രൂപശ്രീയെ കാണാതാകുന്ന സമയത്ത് കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിന്നീടും പ്രവര്‍ത്തിച്ചിരുന്നതായും പോലീസ് പറയുന്നു.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍, രൂപശ്രീ മുങ്ങിമരിച്ചുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പക്ഷേ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കുമ്പള കോയിപ്പാടി കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയപ്പോൾ തലമുടി മുറിച്ചുനീക്കിയ നിലയിലായിരുന്നു.

ഈ മാസം 16ന് ഉച്ചയ്ക്ക് സ്കൂളിൽനിന്ന് ഇറങ്ങിയ രൂപശ്രീ ഹൊസങ്കടിയിൽ സഹപ്രവർത്തകയുടെ ബന്ധുവിന്റെ വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന മഞ്ചേശ്വരത്തെ സ്കൂളിലും എത്തിയിരുന്നു. വൈകിട്ടു വീട്ടിലെത്താത്തതിനാൽ രൂപശ്രീയുടെ രണ്ടു ഫോണുകളിലും വിളിച്ചെങ്കിലും ഒരെണ്ണം സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
രണ്ടാമത്തെ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നെങ്കിലും എടുത്തില്ല.

ബന്ധുക്കൾ നൽകിയ പരാതിയിൽ മഞ്ചേശ്വരം പോലീസ് അന്വേഷിക്കുന്നതിനിടയിൽ രൂപശ്രീയുടെ സ്കൂട്ടർ ഹൊസങ്കടിയിൽ നിന്നു രണ്ടു കിലോമീറ്റർ അകലെ ദുർഗിപള്ളത്തെ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

കടപ്പുറത്ത് കൂടി നടന്നുപോവുകയായിരുന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. വിവാഹമോതിരം നോക്കിയാണു ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.