Latest News

രേഖകൾ നഷ്ടമായ റിട്ട. പ്രധാനാധ്യാപകൻ ആത്മഹത്യ ചെയ്ത നിലയിൽ

കോഴിക്കോട്: റിട്ട. പ്രധാനാധ്യാപകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് നരിക്കുനി പാലോളിത്താഴം വെളുത്താവിൽ മീത്തൽ മുഹമ്മദലിയെ (69) ആണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.[www.malabarflash.com]

സൂക്ഷിച്ചുവെച്ച പ്രധാനപ്പെട്ട സർട്ടിഫിക്കറ്റുകളെല്ലാം നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച പുലർച്ചെയാണ് വീട്ടിനടുത്ത കിണറ്റിൽ മുഹമ്മദലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രേഖകൾ നഷ്ടപ്പെട്ടതോടെ പൗരത്വ വിഷയവുമായി ബന്ധപ്പെട്ട് മുഹമ്മദലി ആശങ്കയിലായിരുന്നെന്ന് പരിചയക്കാർ പറയുന്നു. പൗരത്വം തെളിയിക്കാൻ എന്തൊക്കെ രേഖകൾ വേണമെന്ന് അടുത്ത സുഹൃത്തുക്കളോട് ഇദ്ദേഹം ചോദിക്കാറുണ്ടായിരുന്നു.

തന്‍റെയും ഭാര്യ ആസ്യയുടെയും എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റും പിതാവിന്‍റെ സർട്ടിഫിക്കറ്റുകളും കൈയിൽ നിന്ന് നഷ്ടപ്പെട്ടതായാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്. വേസ്റ്റ് പേപ്പറിന്‍റെ കൂടെയാണ് രേഖകൾ നഷ്ടപ്പെട്ടതെന്നും നിങ്ങളും അപകടത്തിലാവുമെന്നും കുറിപ്പിൽ പറയുന്നു. തനിക്ക് വൈറസ് ബാധയേറ്റതായും ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്.

മുഹമ്മദലി രേഖകൾ നഷ്ടപ്പെട്ടതിൽ ആശങ്ക പ്രകടിപ്പിച്ചതുമായി കൂട്ടിവായിക്കുമ്പോഴാണ് പൗരത്വ നിയമവുമായി മരണത്തിന് ബന്ധമുണ്ടോയെന്ന സംശയം വരുന്നതെന്ന് ബന്ധുക്കൾ പ്രതികരിച്ചു.

പാറന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ് മുഹമ്മദലി. ഭാര്യ: ആസ്യ. മക്കൾ: ഷബീർ, സാജിദ, ഷബ്ന.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.