Latest News

പൗരത്വ റാലിക്കെതിരായി വർഗീയ പരാമർശം: ഉദുമ പഞ്ചായത്ത് ജീവനക്കാരനെതിരെ യൂത്ത് ലീഗ് പരാതി നൽകി

ഉദുമ: കൊച്ചിയില്‍ നടന്ന പൗരത്വ ഭേദഗതി ബില്ലിനെതിരായുള്ള പൗരത്വ റാലിയെ കുറിച്ച് ഫേസ് ബുക്കില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ പഞ്ചായത്ത് ജീവനക്കാരനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നല്‍കി.[www.malabarflash.com]

ഉദുമ ഗ്രാമ പഞ്ചായത്ത് ജീവനക്കാരന്‍ പ്രണവ് പള്ളത്തിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്കും, പോലീസിലും ഡി.ഡി.പിക്കും യൂത്ത് ലീഗിന് മണ്ഡലം സെക്രട്ടറി ഹാരിസ് അങ്കക്കളരിയാണ് പരാതി നല്‍കിയത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിവിധ സംഘടനകളുടെ സംയുക്ത റാലിയുമായി ബന്ധപ്പെട്ട വാര്‍ത്ത സിപിഎം മുഖ പത്രമായ ദേശാഭിമാനിയില്‍ കൊടുത്തില്ലെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായ പ്രചരണമുണ്ടായിരുന്നു.

ഇതിനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ പ്രണവ് നമ്മുടെ കാസറകോട് എന്ന ഫേസ്ബുക്ക് പേജില്‍ പോസ്റ്റിട്ടതാണ് വിവാദമായത്. കൊച്ചിയില്‍ നടന്നത് മതാടിസ്ഥാനത്തില്‍ നടത്തിയ വര്‍ഗീയ കൂട്ടായ്മയാണെന്നാണ് പ്രണവിന്റെ പോസ്റ്റ്.

യൂത്ത്‌ലീഗ് പരാതി നല്‍കിയതോടെ പ്രണവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഖേദ പ്രകടനം നടത്തി രംഗത്ത് വന്നിററുണ്ട്
പ്രണവിന്റെ ഫേസ്ബുക്കിന്റെ പൂര്‍ണ്ണ രൂപം:
പ്രീയപ്പെട്ടവരെ.. ഞാൻ പ്രണവൻ പള്ളം.. ഒറ്റ ദിവസം കൊണ്ട് ഒരൊറ്റ നിമിഷത്തെ അശ്രദ്ധ കൊണ്ട് വളരെയധികം ആളുകളെ വിഷമം ഉണ്ടാക്കിയ ആൾ.. 36 വർഷം ജീവിതത്തിൽ കാത്തു സൂക്ഷിച്ച മതനിരപേക്ഷ മൂല്യം ഇനിയും തുടരണം എന്ന ആഗ്രഹത്തിൽ ആണ് ഈ പോസ്റ്റ്. നമ്മുടെ കാസർഗോഡ് എന്ന ജില്ലയിലെ പ്രാധാനപ്പെട്ട കൂട്ടായ്മയിൽ ഇന്നലെ 2-1 - 2020 ന് ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട പോസ്റ്റിന് ഞാനിട്ട കമന്റ് വളരെയധികം ആളുകളെ വിഷമിപ്പിച്ചതായി മനസിലാക്കുന്നു. ഒറ്റക്കെട്ടായി നടന്ന സമരം മതാടിസ്ഥാനത്തിൽ മാറ്റ പ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന അപകടം സംവദിക്കാനാണ് അങ്ങനെ ഒരു കമന്റ് ഇടാൻ ഇടയായത്. എന്നാൽ സാങ്കേതിക കാരണങ്ങളാൽ എനിക്ക് ആ സംവാദത്തിൽ തുടരാൻ സാധിച്ചില്ല. പക്ഷേ അപ്പോഴേക്കും ആ കമന്റ് തെറ്റിദ്ധരിക്കപ്പെടുകയും വളരെയധികം പേരെ വിഷമിപ്പിക്കുകയും ചെയ്തിരുന്നു. നാളിതുവരെ ഉയർത്തിപ്പിടിച്ച മതസൗഹാർദ്ദവും മതനിരപേക്ഷ മൂല്യവും ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി.. ഒരു വിശ്വാസ സമൂഹത്തെയും അപകീർത്തിപ്പെടുത്താനൊ സങ്കടപ്പെടുത്താനൊ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഞാൻ മൂലം മന:പൂർവം അല്ലാ തെ ഉണ്ടായ വിഷമത്തിൽ മുഴുവൻ വിശ്വാസികളോടും ക്ഷമ ചോദിക്കുന്നു.മന: പൂർവമല്ലാതെ സംഭവിച്ച തെറ്റ് ക്ഷമിച്ച് വിവാദം അവസാനിപ്പിക്കാൻ അപേക്ഷിക്കുന്നു.. ഈ തെറ്റ് ഇനിയുള്ള കാലത്ത് കൂടുതൽ ജാഗ്രതയോടെ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിക്കാൻ എന്നെ പ്രാപ്തനാക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.. ഒരിക്കൽ കൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു..

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.