കൊച്ചി: സംസ്ഥാനത്താകെ ഏകീകരിച്ച ജനസംഖ്യയും ഏകീകരിച്ച എണ്ണം വാർഡുകളും വേണമെന്ന ഭരണഘടനാ നിർദ്ദേശം ആവശ്യപ്പെട്ട് കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷൻ നൽകിയ കേസ് ചൊവ്വാഴ്ച ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.[www.malabarflash.com]
ഇതേ ആവശ്യം ഉന്നയിച്ച് 2015ൽ നൽകിയ കേസിൽ അടുത്ത വിജ്ഞാപന സമയത്ത് അധികൃതരെ സമീപിക്കണമെന്ന് വിധിച്ചിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചായത്ത് വിഭജനം ഇല്ലെന്ന് തീരുമാനിച്ചതിനാലാണ് കേസ്.
വാർഡ് വിഭജനത്തോടൊപ്പം വലിയ പഞ്ചായത്തുകൾ വിഭജിച്ച് ജനസംഖ്യ ഏകീകരിക്കണമെന്ന് കേസിൽ ആവശ്യപ്പെടുന്നു.
സർക്കാറിന്റെ പുതിയ തീരുമാന പ്രകാരം പഞ്ചായത്തുകളിൽ 14 മുതൽ 24 വാർഡുകൾ വരെ രൂപീകരിക്കപ്പെടും. എന്നാൽ പഞ്ചായത്തുകളിൽ ഏകീകരിച്ച ജനസംഖ്യ വരുന്നതിന് പഞ്ചായത്ത് വിഭജനം ആവശ്യമാണ്.
2015ൽ പുതിയ പഞ്ചായത്തുകൾ രൂപീകരിച്ച വിജ്ഞാപനം നടപടി ക്രമങ്ങളിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. അവസാനത്തെ സെൻസസ് പ്രകാരം പഞ്ചായത്തുകൾ നിലവിൽ വരണമെന്നാണ് ഭരണഘടനാ നിർദ്ദേശം.
2001ലെ സെൻസസ് അനുസരിച്ചുള്ള എല്ലാ പഞ്ചായത്തുകളും 2011ലെ സെൻസസ് കണക്കാക്കി പുനർ വിജ്ഞാപനം ചെയ്യണമെന്ന് കേസിൽ ഉന്നയിച്ചിട്ടുണ്ട്. ജോലിഭാരം കുറയുന്നതിലൂടെ പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാൻ കേസ് സഹായകരമാകുമെന്ന് ജനറൽ സെക്രട്ടറി എസ്.എൻ.പ്രമോദ് പറഞ്ഞു.
No comments:
Post a Comment