പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന കരിനിയമത്തിനെതിരെ ആശയപരമായ ഭിന്നതകൾ മറന്ന് മുസ്ലിം സംഘടന നേതാക്കൾ ഒരു വേദിയിൽ ഒന്നിച്ചപ്പോൾ അത് കാലം ആവശ്യപ്പെടുന്ന ഐക്യബോധത്തിന്റെ മഹാവിളംബരമായി.
കേരളവും കൊച്ചിയും ഇതുവരെ ദർശിക്കാത്ത ജനസഞ്ചയമാണ് റാലിയിലേക്കും സമ്മേളനത്തിലേക്കും ഒഴുകിയെത്തിയത്. അതിൽ എല്ലാ മുസ്ലിം സംഘടനകളുെടയും പ്രവർത്തകർ ഒരൊറ്റ മുദ്രാവാക്യവും ഒരേ ആശയവുമായി അണിനിരന്നു.
1987ലെ ശരീഅത്ത് വിവാദ കാലത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് അധ്യക്ഷനായിരുന്ന അബുൽ ഹസൻ അലി നദ്വിയുടെ നേതൃത്വത്തിൽ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ചേർന്ന സമ്മേളനത്തിലാണ് എല്ലാ മുസ്ലിം സംഘടന നേതാക്കളും ഇതിനുമുമ്പ് ഒരു വേദിയിൽ ഒന്നിച്ചത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതുവരെ പോരാട്ടം തുടരുമെന്ന് നേതാക്കൾ മറൈൻ ഡ്രൈവിലെ സമ്മേളനവേദിയിൽ ഒരേ സ്വരത്തിൽ പ്രഖ്യാപിച്ചു. ഒരു കുടക്കീഴിലെ നേതാക്കളുടെ സാന്നിധ്യത്തെ പ്രവർത്തകർ ആവേശത്തോടെയാണ് വരവേറ്റത്.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ സുന്നി ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള ജംഇയ്യതുൽ ഉലമ സംസ്ഥാന സെക്രട്ടറി പ്രഫ. ആലിക്കുട്ടി മുസ്ലിയാർ, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഫസൽ ഗഫൂർ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, ദക്ഷിണ കേരള ജംഇയ്യതുൽ ഉമല സംസ്ഥാന പ്രസിഡൻറ് ചേലക്കുളം അബുൽ ബൂഷ്റ മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കെ.എൻ.എം മർകസുദ്ദഅ്വ പ്രസിഡൻറ് സി.പി. ഉമർ സുല്ലമി, ഡോ. ബഹാവുദ്ദീൻ കുരിയാട്, സാദിഖലി ശിഹാബ് തങ്ങൾ, സഫീറലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു.
No comments:
Post a Comment