Latest News

ചോദ്യങ്ങളിലടക്കം വ്യക്തത വരുത്താതെ സെന്‍സസ് നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല-ചെന്നിത്തല

കാസര്‍കോട്: ചോദ്യങ്ങളിലടക്കം വ്യക്തതവരുത്താതെ സെന്‍സസ് നടപ്പിലാക്കുന്നതിനോട് കടുത്ത എതിര്‍പ്പാണുള്ളതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.[www.malabarflash.com]

ജനങ്ങള്‍ക്ക് സെന്‍സസിനെപ്പറ്റി കടുത്ത ആശങ്കയാണുള്ളത്. സെന്‍സസും ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നതിന് ഒരേ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സെന്‍സസ് ജനസംഖ്യാ രജിസ്റ്ററിന് വഴിയൊരുക്കിയാല്‍ പൗരത്വ രജിസ്റ്ററിലേക്കെത്താന്‍ എളുപ്പമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീണ്ടുവിചാരം ഉണ്ടാകണം. ഇല്ലെങ്കില്‍ മോദിയും അമിത്ഷായും കുഴിച്ച കുഴിയില്‍ കേരളം വീണു പോകും. 

മോദി ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കുകയാണ്. അസാധാരണമായൊന്നും സംഭവിച്ചില്ലെങ്കില്‍ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം വലിച്ചെറിയും. ഇത് മുസ്ലിങ്ങള്‍ക്ക് വേണ്ടി മുസ്ലിങ്ങള്‍ നടത്തുന്ന സമരമല്ല, ഇന്ത്യയുടെ മതേതരത്വം നിലനിര്‍ത്താന്‍ മതേതര വിശ്വാസികള്‍ നടത്തുന്ന സമരമാണെന്നും ചെന്നിത്തല പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നയിക്കുന്ന ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തുന്നത് ജനങ്ങളുടെ ഭീതിയും പരിഭ്രാന്തിയും ഇല്ലാതാക്കാനുള്ള ചൈതന്യ യാത്രയാണ്. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തില്‍ മത ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടായിട്ടില്ല. രണ്ടാം മോദി ഭരണത്തില്‍ ജനങ്ങളുടെ ഭീതി വര്‍ധിച്ചിരിക്കുകയാണ്. മതപരമായ ആചാരങ്ങളും അനുഷ്ടാനങ്ങളും മാറ്റണമെങ്കില്‍ ആ മത വിഭാഗം ആവശ്യപ്പെടണം. 

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പൗരത്വ നിയമം നടപ്പാക്കിയത് 1955ലാണ്. മതത്തിന്റ അടിസ്ഥാനത്തില്‍ പൗരത്വം തെളിയിക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് അനുയോജ്യമല്ല. രാജ്യത്തെ ഭിന്നിപ്പിച്ച് മുസ്‌ലിംകളെ പുറത്താക്കാനാണ് ബില്‍ കൊണ്ടുവന്നത്. രാജ്യത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. 

ആയിരം മോദിമാര്‍ വന്നാലും മതേതരത്വം എടുത്ത് കളയാന്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ എം.സി. ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണന്‍, സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ജി. രതികുമാര്‍, മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി. അഹമ്മദലി, എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, തലശ്ശേരി അതിരൂപതാ ബിഷപ്പ് മോന്‍സിനോര്‍, റവ.ഫാദര്‍ ജോസഫ് ഒറ്റപ്ലായല്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍, യു.ഡി.എഫ്. നേതാക്കളായ ടി.ഇ. അബ്ദുല്ല, എ. അബ്ദുല്‍ റഹ്്മാന്‍, അഷറഫ് എടനീര്‍, കല്ലട്ര മാഹിന്‍ ഹാജി, ഹരീഷ് ബി. നമ്പ്യാര്‍, കരിവെള്ളൂര്‍ വിജയന്‍, കുര്യാക്കോസ് പ്ലാപ്പറമ്പില്‍, വി. കമ്മാരന്‍, കെ.പി.സി.സി അംഗങ്ങളായ പി.എ അഷറഫലി, കെ.വി. ഗംഗാധരന്‍, ഡി.സി.സി. ഭാരവാഹികളായ അഡ്വ. എ.ഗോവിന്ദന്‍ നായര്‍, കരുണ്‍ താപ്പ, വി.ആര്‍. വിദ്യാസാഗര്‍, ധന്യാ സുരേഷ്, മീനാക്ഷി ബാലകൃഷ്ണന്‍, ശാന്തമ്മ ഫിലിപ്പ്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, സി.വി. ജയിംസ്, കെ.കെ .രാജേന്ദ്രന്‍, സുന്ദര ആരിക്കാടി, ജെ.എസ്. സോമശേഖര, എം. അസിനാര്‍, മാമുനി വിജയന്‍ കെ.ഖാലിദ്, സാജിദ് മൗവ്വല്‍, ബാലകൃഷണന്‍ പെരിയ, പി.വി. സുരേഷ്, കരിമ്പില്‍ കൃഷ്ണന്‍, പി.കെ. ഫൈസല്‍, ആര്‍. ഗംഗാധരന്‍, എം. കുഞ്ഞമ്പു നമ്പ്യാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.