Latest News

കേരളത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; മംഗളൂരു പോലീസിന്റെ നോട്ടീസ് ലഭിച്ച മലയാളികള്‍ ഹാജരാകേണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍

മംഗളൂരു: കേരളത്തിന്റെ ശക്തമായ ഇടപെടലുണ്ടായതോടെ മലയാളികള്‍ക്കെതിരായ കടുത്ത നിലപാടില്‍ നിന്ന് പിന്‍മാറി കര്‍ണാടക പോലീസ്. കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധവും സമര്‍ദ്ദവും കര്‍ണാടക പോലീസിന്റെ പിടിവാശിയില്‍ അയവുവരുത്തിയിരിക്കുകയാണ്.[www.malabarflash.com] 

കഴിഞ്ഞ മാസം 19ന് മംഗളൂരുവില്‍ പൗരത്വനിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടികളുമായി ബന്ധപ്പെട്ട് മംഗളൂരു പോലീസിന്റെ നോട്ടീസ് ലഭിച്ച മലയാളികള്‍ ആരും പോലീസ് സ്റ്റേഷനുകളില്‍ ഹാജരാകേണ്ടതില്ലെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. പി.എസ്. ഹര്‍ഷ വ്യക്തമാക്കിയിരിക്കുകയാണ്. പകരം വിശദീകരണത്തോടെ മറുപടി അയച്ചാല്‍ മതി.

മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന് നല്‍കിയ ഉറപ്പിലാണ് കമ്മീഷണര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം മംഗളൂരുവില്‍ പൗരത്വനിയമത്തിനെതിരെ നടന്ന സമരത്തിന് നേരെയുണ്ടായ പോലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. ആ ദിവസം മംഗളൂരുവിലും പരിസരങ്ങളിലുമുണ്ടായിരുന്ന മലയാളികളുടെ വിവരങ്ങള്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ ശേഖരിച്ച് പ്രത്യേക സമുദായത്തില്‍പെട്ട രണ്ടായിരത്തോളം മലയാളികള്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ കര്‍ണാടക പോലീസ് നോട്ടീസയക്കുകയായിരുന്നു.

പ്രശ്നം സംബന്ധിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ നേതൃത്വത്തില്‍ കമ്മീഷണറുമായി സംസാരിക്കാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. കൂടിക്കാഴ്ച സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ചൊവ്വാഴ്ച തന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ലോംഗ് മാര്‍ച്ചിന്റെ തിരക്കിലായതിനാല്‍ ഉണ്ണിത്താന് സാധിച്ചില്ല.

എം.സി ഖമറുദ്ദീന്‍ എം.എല്‍.എ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. എം അഷ്‌റഫ് എന്നിവരും മഞ്ചേശ്വരം മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കളുമാണ് കമ്മീഷണറെ കണ്ടത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.