Latest News

പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമര പോരാട്ടങ്ങൾ തുടരും: എസ് എസ് എഫ്

കാസർകോട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ സമരപോരാട്ടങ്ങൾ തുടരുമെന്ന് എസ് എസ് എഫ്. പ്രത്യക്ഷത്തിൽ ഭരണഘടനാ വിരുദ്ധമായ ആശയങ്ങൾ പാർലിമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിൽ നിലനിൽക്കുന്നത് കോടതി പരിഗണിക്കാത്തതും സ്റ്റേ നൽകാത്തതും ആശങ്കപ്പെടുത്തുന്നതാണ്.[www.malabarflash.com]

ഭരണഘടനയുടെ സംരക്ഷണത്തിന് നിരന്തരമായ പ്രക്ഷോഭങ്ങൾ മാത്രമാണ് മാർഗം. ജനാധിപത്യപരമായ സമരവഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്യും. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധമായ തീരുമാനങ്ങൾക്ക് പരമോന്നത നീതിപീഠം കൂട്ടു നിൽക്കരുത്. രാജ്യത്തെയും ജനങ്ങളെയും പരിഗണിക്കുന്ന നീതിയുക്തമായ വിധിപ്രസ്താവം കൊണ്ട് മാത്രമേ സമരങ്ങൾ അവസാനിക്കുകയുള്ളൂ. ഇന്ത്യയെ വീണ്ടെടുക്കാനുള്ള സമരപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോവുമെന്നും എസ് എസ് എഫ് നേതാക്കൾ പറഞ്ഞു.

എസ്എസ്എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങി നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു.

തുടർ ദിവസങ്ങളിൽ കൂടുതൽ ശക്തമായ സമരങ്ങൾ നടത്തുമെന്ന് എസ് എസ് എഫ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ശക്കീർ എം ടി പി പറഞ്ഞു.

അബ്ദുറഹ്മാൻ സഖാഫി പൂത്തപ്പലം, അബ്ദുറഹ്മാൻ എരോൽ, ഫാറൂഖ് പോസോട്ട്, ശംഷീർ സൈനി, ശാഫി ബിൻ ശാദുലി, റഷീദ് സഅദി പൂങ്ങോട്, നംഷാദ് ബേക്കൂർ, സുബൈർ ബാഡൂർ, മുത്തലിബ് അടുക്കം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.