Latest News

ചര്‍ച്ച പരാജയം; പണിമുടക്ക് അര്‍ധരാത്രി മുതല്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ സംയുക്ത തൊഴിലാളി യൂനിയന്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് ചൊവ്വാഴ്ച അര്‍ധരാത്രി ആരംഭിക്കും. കേന്ദ്ര-സംസ്ഥാന അധ്യാപക-സര്‍വീസ് സംഘടനകളും കേന്ദ്ര-സംസ്ഥാന ട്രേഡ് യൂനിയനുകളും പണിമുടക്കില്‍ പങ്കെടുക്കും. ആശുപത്രി, പത്രം, പാല്‍ എന്നീ മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. അസംഘടിത പരമ്പരാഗത മേഖലയിലെ തൊഴിലാളികളും സംഘടിത ഫാക്ടറിത്തൊഴിലാളികളും സര്‍ക്കാര്‍ ജീവനക്കാരും ബാങ്ക്-ഇന്‍ഷുറന്‍സ് ജീവനക്കാരും പങ്കെടുക്കും.
വിലക്കയറ്റം തടയുക, തൊഴിലും തൊഴില്‍ശാലകളും സംരക്ഷിക്കുക, തൊഴില്‍നിയമങ്ങള്‍ ഉറപ്പുവരുത്തുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷ ഉറപ്പാക്കുക, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കരുത്, താല്‍ക്കാലിക-കരാര്‍ ജീവനക്കാര്‍ക്കു സ്ഥിരം ജീവനക്കാരുടെ വേതനം നല്‍കുക, മിനിമം വേതനം 10,000 രൂപയായി നിശ്ചയിക്കുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
ദേശീയ പണിമുടക്ക് ഒഴിവാക്കാന്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ തൊഴിലാളി യൂനിയന്‍ നേതാക്കളും കേന്ദ്രമന്ത്രിതല സമിതിയും തമ്മില്‍ നടന്ന ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. പണിമുടക്കിന് ആധാരമായി ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കുന്നതിനു കൂടുതല്‍ സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തൊഴിലാളി യൂനിയനുകള്‍ തള്ളിക്കളഞ്ഞു. കേന്ദ്രമന്ത്രിമാരായ എ കെ ആന്റണി, ശരത് പവാര്‍, പി ചിദംബരം, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെയാണു ട്രേഡ് യൂനിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ പ്രധാനമന്ത്രി നിയോഗിച്ചിരുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.