Latest News

പാറമടയില്‍ വിഗ്രഹവും തലയോട്ടിയും കണ്ട സംഭവം; ദുരൂഹത തുടരുന്നു
കാളികാവ്: ചോക്കാട് പാറമടയില്‍നിന്ന് മനുഷ്യന്റെ തലയോട്ടിയും അസ്ഥിയും ദേവീവിഗ്രഹവും ലഭിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. അസ്ഥിയും തലയോട്ടിയും വിദഗ്ധ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

വിഗ്രഹത്തിന്റെ ചിത്രം സംസ്ഥാനത്തെ മുഴുവന്‍ പോലീസ്‌സ്റ്റേഷനുകള്‍ക്കും കൈമാറിയെങ്കിലും വിവരം ഒന്നും ലഭിച്ചിട്ടില്ല. ക്ഷേത്രങ്ങളില്‍നിന്ന് ദേവീവിഗ്രഹം നഷ്ടപ്പെട്ടിട്ടുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.

ഞായറാഴ്ച പാറമടയില്‍നിന്ന് അസ്ഥികൂടത്തിന്റെ കൂടുതല്‍ അവശിഷ്ടങ്ങള്‍ കിട്ടി. രാസപരിശോധന ഉള്‍പ്പെടെ നടത്തിയാല്‍ മാത്രമേ വ്യക്തമായ നിഗമനത്തില്‍ എത്താന്‍ കഴിയുകയുള്ളൂവെന്ന് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

വിഗ്രഹത്തിന്റെ പഴക്കവും ലോഹവും അറിയുന്നതിന് തൃശ്ശൂരുള്ള പുരാവസ്തു വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് പറഞ്ഞു. 35 സെന്റീമീറ്റര്‍ മാത്രം ഉയരമുള്ള വിഗ്രഹത്തിന് 5.716 കിലോ ഭാരമുണ്ട്.

വിഗ്രഹം പൊതിഞ്ഞിരുന്ന കവറില്‍ പറഞ്ഞിരുന്ന കോതമംഗലം, അങ്കമാലി എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങി.

സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ കാണാത്തതരത്തിലുള്ളതാണ് വിഗ്രഹമെന്ന നിഗമനവുമുണ്ട്. ഞായറാഴ്ച മറ്റൊരു പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയിലാണ് അസ്ഥിക്കഷ്ണങ്ങള്‍ കിട്ടിയത്.

കാളികാവ് എസ്.ഐ പി.രാധാകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പി. അബ്ദുല്‍കരീം എന്നിവരുടെ നേതൃത്വത്തില്‍ ആണ് തലയോട്ടിയും അസ്ഥിയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.