Latest News

ഫുട്‌ബോള്‍ മത്സരത്തെത്തുടര്‍ന്ന് സംഘര്‍ഷം; വീടുകള്‍ക്കുനേരെ അക്രമം

വടകര:അഴിയൂരില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വ്യാപക അക്രമം. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മറിന്‍േറതുള്‍പ്പെടെ നിരവധി വീടുകള്‍ക്കുനേരെ കല്ലേറുണ്ടായി. നിരവധി വാഹനങ്ങളും തകര്‍ക്കപ്പെട്ടു. കരുവയലിലെ ലോഹ്യാ സ്മാരക വായനശാലയ്ക്ക് നേരെയും അക്രമമുണ്ടായി.
ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അക്രമങ്ങളുടെ തുടക്കം. കരുവയല്‍ ഫൈറ്റേഴ്‌സ് ക്ലബ് സംഘടിപ്പിച്ച ഫ്‌ളഡ്‌ലിറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ പരാജയപ്പെട്ട ടീം മത്സരസമയം കുറച്ചെന്നാരോപിച്ച് ബഹളം വെച്ചിരുന്നു. പിന്നീട് ഒരു സംഘമാളുകള്‍ സംഘടിച്ചെത്തി മൈതാനം കൈയേറി കസേരകളുംമറ്റും അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. ഹാലോജന്‍ ബള്‍ബ് എറിഞ്ഞു തകര്‍ത്തതിനെത്തുടര്‍ന്ന് വന്‍സ്‌ഫോടനശബ്ദമുണ്ടായത് ഭീതിപരത്തി. ഇതോടെ അക്രമം കരുവയലിന്റെ മറ്റു മേഖലകളിലേക്ക് വ്യാപിക്കുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, മനയില്‍ പള്ളിക്ക് സമീപം സബിയാസില്‍ സലാം, താഴെ പാട്യത്ത് മുഹമ്മദ് ഹനീഫ, അല്‍മനാറില്‍ അബൂട്ടി, സമിനഗറില്‍ അലി എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് കല്ലേറുണ്ടായത്. ജനല്‍ച്ചില്ലുകളും ലൈറ്റുകളും തകര്‍ന്നു.
മുഹമ്മദ് ഹനീഫയുടെ വീടിനുമുമ്പില്‍ നിര്‍ത്തിയിട്ട രണ്ട് ഗുഡ്‌സ് ഓട്ടോയുടെ ചില്ലുകള്‍ തകര്‍ത്തു. സലാം, അലി എന്നിവരുടെ വീടുകള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകളും തകര്‍ത്തു. ആയിഷാസില്‍ നവാസിന്റെ പിക്കപ്പ്‌വാനും തകര്‍ക്കപ്പെട്ടു. ലോഹ്യാസ്മാരക വായനശാലയുടെ ജനല്‍ച്ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തതിനു പുറമെ ഫര്‍ണിച്ചറുകളും നശിപ്പിച്ചു.
അക്രമം നടക്കുന്നതിനിടെ മൈതാനത്തെത്തിയ ചോമ്പാല പോലീസ് കുറച്ചുപേരെ കസ്റ്റഡിയിലെടുത്തു.പോലീസ് അക്രമികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.